തിരുവനന്തപുരം : ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന നടത്തിയ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സിബിഐ ഹൈക്കോടതിയിൽ. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളത്. രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹൈക്കോടതിയെ അറിയിച്ചു. ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതികൾ നൽകിയ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് സിബിഐ ഇക്കാര്യം കോടതിയിൽ അറിയിച്ചത്.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് ഉള്ളത്. രാജ്യത്തിനെതിരെ ശക്തമായ ഗൂഢാലോചന നടന്നിട്ടുള്ളതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുത്. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എൻജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടു എന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു
എന്നാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പ്രതികളുടെ വാദം. ഈ കേസിൽ ദീർഘകാലത്തെ കാലതാമസമുണ്ടായിട്ടുണ്ട്. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, ആർബി ശ്രീകുമാർ, പിഎസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികളിലാണ് കോടതി ഇന്ന് വാദം കേട്ടത്. ജാമ്യ ഹർജിയെ എതിർത്ത് നമ്പി നാരായണന്റേതുൾപ്പെടെയുള്ള മൊഴികളടങ്ങിയ സത്യവാങ്മൂലം കഴിഞ്ഞ ദിവസം സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
















Comments