ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക പിൻമാറ്റം. ചൈനീസ് സൈനിക ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷ മേഖലയിൽ നിന്നും പിൻവാങ്ങാൻ സൈന്യം തീരുമാനിച്ചത്. കിഴക്കൻ ലഡാക്കിലെ ഗോഗ്ര ഉയരങ്ങളിൽ നിന്നും ഇരു സൈന്യങ്ങളും പൂർണമായും പിൻവാങ്ങിയതായും ഇന്ത്യൻ സേന അറിയിച്ചു.
ഇന്ത്യ-ചൈന സൈനിക വൃത്തങ്ങൾ നടത്തിയ പന്ത്രണ്ടാം വട്ട ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ജൂലൈ 31 ന് നടന്ന ചർച്ചകൾക്ക് ശേഷം ഓഗസ്റ്റ് 4,5 എന്നീ തീയതികളിലായാണ് പിന്മാറ്റം നടന്നത്. തുടർന്നും ഗോഗ്ര ഉയരങ്ങളിൽ സൈനിരെ വിന്യസിക്കില്ലെന്നും ചർച്ചയിൽ തീരുമാനമായി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും നിർമ്മിച്ച താത്ക്കാലിക സൗകര്യങ്ങളും പൊളിച്ചു നീക്കിതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
മേളഖലയിൽ നിന്നും പിൻമാറിയ സൈന്യം ബേസ് ക്യാമ്പിലേയ്ക്കാണ് മാറിയത്. ഇനി സൈനിക മുന്നേറ്റം ഉണ്ടാകില്ലെന്നും കൂടുതൽ സൈന്യത്തെ വിന്യസിക്കില്ലെന്നുമുള്ള നിർണായക തീരുമാനങ്ങൾക്ക് ശേഷമാണ് പിന്മാറ്റം.
ഗാൽവാൻ താഴ്വര, പാംഗോഗ് നദിയുടെ തെക്ക് വടക്ക് തീരങ്ങൾ എന്നിവിടങ്ങളിലെ സമ്പൂർണ പിന്മാറ്റത്തിന് പിന്നാലെയാണ് ഗോഗ്ര മേഖലയിൽ നിന്ന് ഇരു സൈന്യവും പിന്മാറിയത്. കിഴക്കന്‍ ലഡാക്കില്‍ അതിക്രമിച്ച് കയറാനുളള ചൈനയുടെ ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്. തുടർന്നാണ് രാജ്യം അതിർത്തി സുരക്ഷയ്ക്കായി കൂടുതൽ സൈന്യത്തെ വിന്യസിച്ചത്. കഴിഞ്ഞ മേയ് മാസം മുതലാണ് ഗോഗ്രയിൽ ഇന്ത്യ ചൈന സേനകൾ നിലയുറപ്പിച്ചത്. ഇനി തർക്കം നിലനിൽക്കുന്നത് ദെസ്പാംഗ്, ഹോട്ട്സ്പ്രിംഗ് മേഖലകളിലാണ്. ഇവിടെ നിന്നുള്ള പിന്മാറ്റങ്ങൾ തുടർഘട്ടങ്ങളിൽ ചർച്ചയാവും എന്നാണ് വിവരം.
Comments