ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കി ഖാലിസ്താൻ ഭീകരർ. സ്വാതന്ത്ര്യ ദിനത്തിൽ യോഗി ആദിത്യനാഥിനെ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ലെന്നാണ് ഭീകരരുടെ ഭീഷണി. ഖാലിസ്താൻ അനുബന്ധ സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഉത്തർപ്രദേശ് പോലീസിനാണ് സന്ദേശം ലഭിച്ചത്.
അന്താരാഷ്‌ട്ര ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് യുപി പോലീസ് അറിയിച്ചു. സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പേരിലാണ് സന്ദേശമെത്തിയത്. ഉത്തർപ്രദേശിലെ ഷഹാറൻപൂർ മുതൽ റാംപൂർ വരെയുള്ള പടിഞ്ഞാറൻ പ്രവിശ്യ ഖാലിസ്താൻ പിടിച്ചെടുക്കുമെന്നും സന്ദേശത്തിൽ പറയുന്നതായി പോലീസ് അറിയിച്ചു. അതേസമയം ഫോൺ നമ്പറിന്റെ വിശ്വാസ്യതയും ഭീഷണി സന്ദേശത്തിന്റെ ഉറവിടവും അന്വേഷിച്ചുവരികയാണെന്ന് ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി.
നേരത്തെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന് നേരെയും ഖാലിസ്താൻ ഭീഷണി മുഴക്കിയിരുന്നു. ഠാക്കൂറിനെ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോളാണ് വന്നത്. പന്നുവിന്റെ പേരിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്ക് ഫോൺ കോൾ എത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. പഞ്ചാബിന്റെ ഭാഗമാണ് ഹിമാചൽ പ്രദേശ് എന്നും പഞ്ചാബിനെ സ്വതന്ത്രമാക്കിയാൽ അടുത്ത ലക്ഷ്യം ഹിമാചൽ ആണെന്നുമായിരുന്നു ഭീഷണി. സംഭവത്തിൽ ഗുർപത്വന്ത് സിംഗ് പന്നുവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
















Comments