ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നും പീഡനത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. രാഹുലിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നീക്കം. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ രാഹുൽ ഗാന്ധി പങ്കുവെച്ചിരുന്നു. വലിയ രീതിയിലെ വിമർശനങ്ങൾക്കാണ് ഇത് വഴിയൊരുക്കിയത്.
ട്വീറ്റ് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി വാഹനത്തിൽ ഇരുന്ന് ചിത്രമാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. ബുധനാഴ്ച രാഹുൽ ഗാന്ധി പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ചിത്രങ്ങൾ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്.
നിയമ പ്രകാരം ഇരയുടേയോ, കുടുംബത്തിന്റെയോ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. സംഭവത്തിൽ രാഹുലിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പോക്‌സോ നിയമത്തിലെ 23ാം വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 74ാം വകുപ്പ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228എ വകുപ്പ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്‌ച്ചയാണ് ഡൽഹിയിലെ കന്റോൺമെന്റ് പ്രദേശത്ത് ഒൻപത് വയസ്സുകാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. ശ്മശാനത്തിൽ വെച്ചാണ് ദാരുണ സംഭവം ഉണ്ടായത്. തുടർന്ന് അക്രമികൾ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ശ്മശാന നടത്തിപ്പ് കാരൻ അടക്കം നാല് പേർ സംഭവത്തിൽ അറസ്റ്റിലായിരുന്നു.
Comments