ന്യൂഡൽഹി : അവസാന റൗണ്ടിലെ രണ്ടാമത്തെ അവസരത്തിൽ നീരജ് ചോപ്രയുടെ കൈകളിൽ നിന്നും കുതിച്ച ജാവലിൻ പുതിയ ചരിത്രം രചിക്കുകയായിരുന്നു. കേവലം ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേട്ടത്തിനപ്പുറം രാജ്യത്തിന്റെ കായികരംഗത്ത് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കരുത്തുളള കുതിപ്പായിരുന്നു അത്. ഈ വിജയത്തോടെഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവുമുയർന്ന മെഡൽ വേട്ടയ്‌ക്കാണ് ടോക്കിയോ സാക്ഷിയായത്.
കൊറോണ മഹാമാരിയുടെ വെല്ലുവിളികൾകിടയിലും ഇന്ത്യൻ താരങ്ങൾ നടത്തിയ മികച്ച പ്രകടനം വിലമതിക്കാനാവാത്തതാണ്. കടുത്ത കൊറോണ നിയന്ത്രണങ്ങൾ മൂലം മികച്ച രീതിയിൽ പരിശീലനം നടത്താൻ പോലും പലർക്കും സാധിച്ചിരുന്നില്ല. ഈ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നേടിയ ഏഴ് മെഡലുകൾക്കും സ്വർണത്തിളക്കമാണ്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന അത്‌ലറ്റിക്സ് മത്സരങ്ങളിലും മെഡൽ പ്രതീക്ഷയിലാണ് രാജ്യം.
നീരജ് ചോപ്ര നേടിയ സ്വർണ്ണത്തിനുപുറമെ പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ബജ്രംഗ് പൂനിയ നേടിയ വെങ്കലവും ഇന്ത്യയുടെ മെഡൽനേട്ടത്തിന്റെ തിളക്കം കൂട്ടി. നേരത്തെ മീരാ ഭായ് ചാനു വനിതകളുടെ ഭാരോദ്വാഹനത്തിലും ഗുസ്തിയിൽ രവികുമാർ ദാഹിയിയും വെള്ളി മെഡൽ നേട്ടത്തിനുടമകളായി. ഇടിക്കൂട്ടിൽ നിന്ന് ലവ്ലിന ബോർഗോഹെയ്ൻ, പുരുഷ ഹോക്കി ടീം, ബാറ്റ്മിന്റനിൽ പി. വി. സിന്ധു എന്നിവർ വെങ്കലം സ്വന്തമാക്കി.
2012 ലണ്ടൻ ഒളിമ്പിക്സിൽ 6 മെഡലുകൾ ഇന്ത്യ നേടിയിരുന്നു. അതേ, ടോക്കിയോയിൽ ഇന്ത്യൻ ഒളിമ്പിക്സ് സംഘം ചരിത്രം തിരുത്തുകയാണ്. പ്രധാനമന്ത്രി നരേദ്രമോദിയും കേന്ദ്ര കായിക മന്ത്രാലയവും അകമഴിഞ്ഞ പിന്തുണയാണ് താരങ്ങൾക്ക് നൽകുന്നത്. ഇക്കാര്യം മെഡൽ ജേതാക്കളായ താരങ്ങളടക്കം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പാശ്ചാത്യ രാജ്യങ്ങൾ കൈയ്യടക്കി വാണിരുന്ന പല കായിക ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇക്കുറി മികവ് കാട്ടിക്കഴിഞ്ഞു. വരും നാളുകളിൽ രാജ്യത്തിന്റെ കായികരംഗം ഭദ്രമാണെന്ന പ്രതീക്ഷ കൂടിയാണ് ഈ നേട്ടം നൽകുന്നത്.
Comments