മത്സ്യത്തിന്റേയും മാംസത്തിന്റേയും മണമടിച്ചാല്‍ നമ്മുടെ അടുക്കളപ്പുറത്ത് പാഞ്ഞെത്തും പൂച്ചകള്‍. എന്നാല്‍ ഒരു മീന്‍ തലയോ മാംസക്കഷണമോ ദൂരേക്ക് വലിച്ചെറിഞ്ഞു അവയെ നാം ആട്ടിയോടിക്കാറാണു പതിവ്. നന്ദിയില്ലാത്ത വര്‍ഗം, കണ്ണുതെറ്റിയാല്‍ അടുക്കളയില്‍ കയറി എല്ലാം കട്ടു തിന്നുന്നവ ഇതെല്ലാമാണ് നാം പൂച്ചയ്‌ക്കു നല്‍കുന്ന വിശേഷണങ്ങള്‍. എന്നാല്‍ കാലം മാറി ഇപ്പോള്‍ വീട്ടിലുള്ള ഒരു അംഗത്തെ പോലെ അല്ലെങ്കില്‍ അവരേക്കാൾ ശ്രദ്ധയും പരിഗണനയും ഇവയ്‌ക്കു ലഭിക്കുന്നു. ആട്ടിയോടിക്കുന്ന പൂച്ചയുടെ കാലം കഴിഞ്ഞു. നിരവധി ആളുകളാണ് പൂച്ചകള്‍ക്കായി ഇപ്പോള്‍ പണം മുടക്കുന്നത്. ലോക്ഡൗണ്‍ കാലമായതോടെ നിരവധി ആളുകളാണ് പെറ്റിനായി എത്തുന്നത്.
വിവിധയിനം പൂച്ചകളാണ് ഇപ്പോള്‍ മുന്‍പന്തിയില്‍ ഉളളത്. ഒരു പവനെക്കാളും മുകളിലാണ് ഒരു പൂച്ചയുടെ വില. പേര്‍ഷ്യന്‍ ഇനത്തില്‍ പെടുന്ന പൂച്ചകള്‍ക്കുവേണ്ടിയാണ് കൂടുതല്‍ ആളുകള്‍ വരുന്നത്. 10,000 മുതല്‍ 40,000 രൂപ വരെ വിലമതിക്കും ഇവയ്‌ക്ക്. പേര്‍ഷ്യന്‍ ഫുള്‍ പഞ്ച് ഇനത്തില്‍ പെട്ട പൂച്ചയാണ് മിയ. മൂന്നു നിറങ്ങള്‍ കൂടി ക്യാലിക്കോ എന്ന നിറമാണ് ഇതിനുളളത്. 35,000 രൂപയാണ് ഇതിന്റെ വില. കഴിക്കുന്നത് ക്യാറ്റ് ഫുഡ് മാത്രം. ഒരു കിലോയ്‌ക്ക് 450 രൂപ വില വരും മാസം ഏഴു കിലോ വേണം. ബംഗാള്‍ പൂച്ചയ്‌ക്ക് അല്‍പംകൂടി വിലകൂടും.
അന്‍പതിനായിരത്തിനടുത്താണ് ഇതിന്റെ വില. മയാമീസ് പൂച്ച കുറച്ചു ദേഷ്യക്കാരനാണ് അതുകൊണ്ടു തന്നെ വളരെ ചെറുപ്രായത്തില്‍ മാത്രമേ ഇത്തരം പൂച്ചകളെ വില്‍ക്കാറുള്ളൂ. ചെറുപ്പത്തില്‍ തന്നെ ഉടമയായി ഇണങ്ങിയില്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്‌നമാകും. 25,000 രൂപ മുതലാണ് ഇവയുടെ വില. പൂച്ചകള്‍ ജനിച്ച് 45 ദിവസം കഴിഞ്ഞാണ് കച്ചവടക്കാര്‍ കൈമാറ്റം ചെയ്യുക. ഹിമാലയന്‍ പൂച്ചകളെ വാങ്ങാനും ആളുകള്‍ എത്തുന്നുണ്ട്. വെള്ള നിറത്തിലുള്ള ഇത്തരം പൂച്ചകളുടെ വാല്‍ കറുപ്പാണ്. 15,000 മുതല്‍ 50,000 വരെയാണ് ഇതിന്റെ വില.
Comments