കണ്ണൂർ : ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ബുൾജെറ്റ് വ്‌ളോഗർമാർ അറസ്റ്റിൽ. ഇ-ബുൾജെറ്റ് സഹോദരങ്ങൾ എന്ന് അറിയപ്പെടുന്ന ലിബിൻ, ഇബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി.
കണ്ണൂർ മുൻസിഫ് കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ കോടതി വളപ്പിൽ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മാദ്ധ്യമങ്ങൾക്ക് മുൻപിൽ അലറിക്കരഞ്ഞ ഇരുവരും പോലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഇ- ബുൾജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്നായിരുന്നു നടപടി. അനധികൃതമായി സ്റ്റിക്കർ പതിപ്പിക്കുകയും, ടയർമാറ്റുകയും ചെയ്തതിനെ തുടർന്ന് ഇവരുടെ വാഹനം മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതേ തുടർന്നാണ് ഇരുവരും ആർടിഒ ഓഫീസിൽ എത്തി സംഘർഷമുണ്ടാക്കിയത്.
നിയമവിരുദ്ധമായാണ് വാഹനം കസ്റ്റഡിയിൽ എടുത്തത് എന്ന് ആരോപിച്ച ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തത്.
















Comments