വാഷിംഗ്ടൺ: അഫ്ഗാനിലെ ഭീകരർക്കായി സഹായം ചെയ്യുന്നത് പാകിസ്താനാണെന്ന പ്രസ്താവനയുമായി പെന്റഗൺ. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പാക് സൈനിക മേധാവി ജനറൽ ബാജ് വയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പെന്റഗണിന്റെ പ്രസ്താവന വന്നത്.
‘അഫ്ഗാൻ വിഷയത്തിൽ പാകിസ്താനുമായി നിരന്തരം ചർച്ചകൾ നടത്തുകയാണ്. താലിബാൻ ഭീകരത ഒരു മേഖലയിലെ ജനജീവിതത്തെ നിത്യദുരിതത്തിലാക്കിക്കഴിഞ്ഞു. ഭീകരർക്ക് പാകിസ്താൻ സ്വർഗ്ഗരാജ്യമാണ്. അഫ്ഗാനുമായി കൂടുതൽ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പാക് ഭീകരരാണ് താലിബാനെ സഹായിക്കുന്നത്. ഇത് അഫ്ഗാനിലെ സമാധാന അന്തരീക്ഷത്തിന് ശക്തമായ ഭീഷണിയാണ്.’ പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താൻ എത്രയും പെട്ടന്ന് താലിബാൻ കേന്ദ്രമായ എല്ലാ സുരക്ഷിത താവളങ്ങളും അടച്ചുപൂട്ടണം. ഇതിന്റെ ഗൗരവം പാക് ഭരണകൂടത്തെ ധരിപ്പിച്ചിട്ടുണ്ട്. താലിബാൻ ലോകത്തിന് തന്നെ ഭീഷണിയാണെന്ന വസ്തുത പാകിസ്താൻ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും പെന്റഗൺ മാദ്ധ്യമ സെക്രട്ടറി ജോൺ കിർബി വ്യക്തമാക്കി.
അഫ്ഗാനിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ സുരക്ഷയിലുള്ള ആശങ്കയും പെന്റഗൺ പങ്കുവെച്ചു. ഒന്നും ശരിയായ ദിശയിലല്ല പോകുന്നത്. താലിബാൻ എത്ര ശക്തികാണിച്ചാലും അത് നേരിടാനുള്ള ശക്തി അഫ്ഗാൻ സൈന്യത്തിനുണ്ടെന്നും കെർബി പറഞ്ഞു.
അമേരിക്കയിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സൽമായ് ഖലീൽസാദ് ദോഹയിലെത്തിയതിന് പിന്നാലെയാണ് പെന്റഗണിന്റെ വിശദമായ പ്രസ്താവന വന്നത്. ലോകരാജ്യങ്ങളെ അഫ്ഗാൻ വിഷയത്തിൽ അടിയന്തിരമായി ഇടപെടുത്താനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്ന താലിബാൻ ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സംയുക്തമായെടുക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
അഫ്ഗാൻ വിഷയം യു.എൻ.സുരക്ഷാ കൗൺസിലിൽ ചർച്ചക്കെടുത്തതിന് പിന്നാലെയാണ് പെന്റഗൺ പാകിസ്താനെ കുറ്റപ്പെടുത്തിയത്. താലിബാൻ നടത്തുന്ന എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ പാകിസ്താനെന്ന അഫ്ഗാന്റെ വാദത്തെ പൂർണ്ണമായും അംഗീകരിക്കുന്ന നയമാണ് പെന്റഗണിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
















Comments