ന്യൂഡൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനൊരുങ്ങി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തത് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ജനങ്ങൾക്ക് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കുന്നതെന്ന് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
അടുത്തമാസം മുതൽ പിഴയീടാക്കൽ നടപടി പ്രാബല്യത്തിൽ വരും. മാസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ സമയം എടിഎം കാലിയായാൽ പതിനായിരം രൂപ പിഴ ഈടാക്കും. കൃത്യസമയത്ത് പണം നിറയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തന രഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയിരുന്നു. ഇത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിലാണ് ആർബിഐയുടെ നടപടി.
ബാങ്കുകളും എടിഎം ഓപ്പറേറ്റർമാരും എടിഎമ്മിൽ പണമുണ്ടെന്ന് ഉറപ്പാക്കണമെന്നും തങ്ങളുടെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ആർബിഐ വ്യക്തമാക്കി. എടിഎമ്മുകളിൽ ആവശ്യത്തിന് പണമില്ലെന്നും ദിവസങ്ങളോളം എടിഎമ്മുകൾ അടഞ്ഞു കിടക്കുന്നുവെന്നും ആർബിഐയ്ക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അവലോകനത്തിൽ ഇത് ശരിയെന്ന് തെളിയുകയായിരുന്നു. രാജ്യത്ത് വിവിധ ബാങ്കുകളുടെ 3,13,766 എടിഎമ്മുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
Comments