ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ കരുത്തുറ്റ പോരാട്ടം നടത്തി മടങ്ങിയ ഇന്ത്യൻ സംഘത്തിന് രാഷ്‌ട്രപതി വിരുന്നൊരുക്കും. ഒളിമ്പിക്‌സിൽ പങ്കെടുത്ത 127 അംഗ സംഘത്തിലെ എല്ലാവർക്കും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക വസതിയിലാണ് ചായ സൽക്കാരം നൽകുന്നത്. മെഡൽ ജേതാക്കളടക്കം എല്ലാവരുമായും രാഷ്‌ട്രപതി സംവദിക്കുമെന്നും രാഷ്‌ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.

രാഷ്‌ട്രപതി ഭവനിലെ സാംസ്‌ക്കാരിക കേന്ദ്രത്തിൽ സ്വാതന്ത്ര്യദിന തലേന്നാണ് ചായസൽക്കാരം തീരുമാനിച്ചിരിക്കുന്നത്. 75-ാം സ്വാതന്ത്ര്യ ദിനത്തിൽ ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ താരങ്ങളും പരിശീലകരും വിശിഷ്ടാതിഥികളാണെന്ന് പ്രധാനമന്ത്രി മുന്നേ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഡൽഹിയിലെത്തുന്ന എല്ലാ താരങ്ങളും അതിനാൽ തന്നെ തലേന്ന് രാഷ്‌ട്രപതിയെയാണ് ആദ്യം കാണുക.
ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യ സർവ്വകാല നേട്ടമാണ് ഇത്തവണ കൊയ്തത്. ഒരു സ്വർണ്ണവും രണ്ടു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് ടീം അവിസ്മരണീയ പ്രകടനം നടത്തിയത്. ഇതിൽ നീരജ് ചോപ്ര നേടിയ ജാവലിനിലെ സ്വർണ്ണമെഡൽ നേട്ടം യൂറോപ്യൻ കുത്തകതന്നെ അവസാനിപ്പിച്ചുകൊണ്ടായിരുന്നു. 41 വർഷത്തെ കാത്തിരിപ്പിന് ശേഷം പുരുഷ ഹോക്കി ടീം മെഡൽ നേടിയതും രാജ്യത്തിന് അഭിമാനമായി. ഭാരോദ്വഹനത്തിൽ മെഡൽ നേടിക്കൊണ്ട് മീരാഭായി ചാനുവാണ് ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേടി പി.വി.സിന്ധുവും താരമായി. ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദഹിയയും വെങ്കലം സ്വന്തമാക്കിയ ബജരംഗ് പുനിയയും അഭിമാനമായി. ബോക്‌സിംഗ് റിംഗ് മേരികോമിന് ശേഷം ഒഴിയില്ലെന്ന സന്ദേശം നൽകി വെങ്കലം നേടിയ ലവ്‌ലീന ബോർഗോഹൈനും ഇന്ത്യൻ മുന്നേറ്റത്തിൽ കരുത്തായി.
മെഡൽ നേടിയില്ലെങ്കിലും പുരുഷ അത്‌ലറ്റിക്‌സ് ടീം ഏഷ്യൻ റെക്കോഡ് കുറിച്ചതും ഗോൾഫിൽ അദിതി അശോകും ഡിസ്‌ക്കസ് ത്രോയിൽ കമൽപ്രീത് കൗറിന്റെ പ്രകടനവും എക്കാലവും ഓർക്കുന്നതായി മാറി. ഒരോ മത്സരത്തിനൊടുവിലും പ്രധാനമന്ത്രി നരേന്ദ്രമോദി താരങ്ങളെ പ്രോത്സാഹിക്കിപ്പിക്കാനും ആശ്വസിപ്പിക്കാനും സമയം കണ്ടെത്തിയതും കായിക ഇന്ത്യക്ക് വലിയ ഊർജ്ജമായിരിക്കുകയാണ്.
















Comments