ബംഗളൂരു : ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മസ്ജിദുകളോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോർഡും, സർക്കാരും അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാനാണ് കോടതി നിർദ്ദേശം. കേസ് അടുത്ത മാസം 28 ന് കോടതി വീണ്ടും പരിഗണിക്കും.
16 മസ്ജിദുകളോട് ആണ് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ജസ്റ്റിസ് എൻ സഞ്ജയ് ഗൗഡ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹർജി പരിഗണിക്കേ രേഖാമൂലമുള്ള ഉത്തരവ് ലഭിക്കുന്നതുവരെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കാതിരിക്കാൻ കമ്മിറ്റികൾ തയ്യാറാകുമോയെന്നും കോടതി ചോദിച്ചു.
എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി വേണം സത്യവാങ്മൂലം സമർപ്പിക്കാനെന്നാണ് കോടതി നിർദ്ദേശം. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ലഭിച്ച അനുമതിയുൾപ്പടെ വ്യക്തമാക്കണം. ഇതിന് പുറമേ രേഖമൂലമുള്ള ഉത്തരവ് ലഭിക്കുന്നതുവരെ ഉച്ചഭാഷിണി ഉപയോഗിക്കാതിരിക്കാൻ തയ്യാറാകുമോയെന്ന കാര്യം വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐകോൺ അപ്പാർട്ട്‌മെന്റിലെ കുടുംബങ്ങളാണ് പൊതുതാത്പര്യ ഹർജി നൽകിയത്. അനധികൃതമായാണ് മസ്ജിദുകൾ ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നും, അതിനാൽ നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അപ്പാർട്ട്‌മെന്റിലെ 32 കുടുംബങ്ങളാണ് ഹർജിക്കാർ.
















Comments