മലപ്പുറം : വേങ്ങര ഏ . ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 110 കോടി രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. കള്ളപ്പണ നിക്ഷേപവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മലപ്പുറം ജില്ലയിൽ യു. ഡി. എഫ് ഭരണത്തിലുള്ള പ്രമുഖ സഹകരണ ബാങ്കാണിത്.
2018 മുതൽ തന്നെ ബാങ്കിൽ ക്രമക്കേടുകൾ നടക്കുന്നുണ്ട്. പരാതി ഉയർന്നതിനെ തുടർന്ന് സഹകരണ വകുപ്പ് പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ബാങ്കിൽ നിക്ഷേപമുണ്ടായിരുന്ന സി. പി. എം. നേതാക്കളുടെ സമ്മർദ്ദത്തെടുർന്ന് കൂടുതൽ നടപടികളിലേക്ക് സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം കടന്നില്ല. 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം ആണ് ബാങ്കിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
അതിനിടെ മന്ത്രിയായിരുന്ന സമയത്ത് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി അഴിമതിയിലൂടെ നേടിയ 300 കോടിരൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാരോപിച്ച് കെ. ടി. ജലീൽ എം. എൽ. എ ഇന്ന് രംഗത്തെത്തി. ബിനാമി പേരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. എ. ആർ. ബാങ്കിൽ ആകെ 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനന്ന് ജലീൽ ആരോപിച്ചു. ദേവി എന്ന അങ്കണവാടി ടീച്ചറുടെ പേരിൽ കുഞ്ഞാലികുട്ടിയുടെ 80 ലക്ഷം രൂപയുടെ കള്ളപ്പണം ഹരികുമാർ നിക്ഷേപിച്ചു. ഇ. ഡിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുമ്പോഴാണ് അംഗൺവാടി ടീച്ചർ നിക്ഷേപത്തെക്കുറിച്ചറിയുന്നത്. സത്യം പുറത്തുവരുമ്പോൾ ഹരികുമാറിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും കെ. ടി. ജലീൽ കൂട്ടിച്ചേർത്തു.
മലപ്പുറത്ത് മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കള്ളപ്പണ നിക്ഷേപ കേന്ദ്രങ്ങളാണെന്ന് ആരോപണം ഉയരുന്നുണ്ട്. സി. പി. എം. ജില്ലാ സെക്രട്ടറി ഇ. എൻ. മോഹൻദാസിന്റെ അടുത്ത ബന്ധുവിനും ഇവിടെ കള്ളപ്പണനിക്ഷേപം ഉള്ളതായി കണ്ടെത്തുകയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകുകയും ചെയ്തു.
Comments