ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന സന്ദേശം രാഷ്ട്രപതി ഇന്ന് പങ്കുവെക്കും. ‘രാഷ്ട്രം ആദ്യം എപ്പോഴും ആദ്യം’ എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ സന്ദേശം . എഐആറിന്റെ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ രാഷ്ട്രപതിയുടെ സന്ദേശം തത്സമയം സംപ്രേക്ഷണം ചെയ്യും.
ഓഗസ്റ്റ് 15 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുപോലെ രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിൽ ആണ് ആഘോഷപരിപാടികൾ നടക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ മെഡലുകൾ നേടിയ എല്ലാ അത്ലറ്റുകൾക്കും 2021 ലെ സ്വാതന്ത്ര്യദിനത്തിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണമുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാവാഹനങ്ങളും പരിശോധിച്ചാണ് പോലീസ് കടത്തിവിടുന്നത്. ഇതോടൊപ്പം, അന്തർ സംസ്ഥാന അതിർത്തികളിൽ അധിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) പ്രവർത്തന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഓഗസ്റ്റ് 15-ന് രാവിലെ 6.00 മുതൽ 10.00 വരെയും വൈകുന്നേരം 4.00 മുതൽ രാത്രി 7 വരെയും ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾക്ക് ലാൻഡിംഗോ ടേക്ക് ഓഫോ അനുവദിക്കില്ല.
Comments