മലപ്പുറം : സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ ജീവനൊടുക്കി. ചിത്രകാരനും കലാസംവിധായകനുമായ വലിയോറ സ്വദേശി സുരേഷ് ചാലിയത്താണ് ആത്മഹത്യ ചെയ്തത്. രാവിലെയാണ് സുരേഷിനെ മുറിയ്‌ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ആക്രമണത്തെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സുരേഷിന് നേരെ ഗുണ്ടാ ആക്രമണം നടന്നത്. വാട്‌സ് ആപ്പിലൂടെ സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘം അദ്ദേഹത്തെ അമ്മയുടെയും, കുട്ടികളുടെയും മുൻപിലിട്ട് മർദ്ദിക്കുകയായിരുന്നു. ശേഷം വീട്ടിൽ നിന്നും പിടിച്ചിറക്കി പിടിഎ പ്രസിഡന്റിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ചും സുരേഷിനെ ഗുണ്ടാ സംഘം മർദ്ദിച്ചു.
അവശനിലയിലാണ് സുരേഷ് വീട്ടിലെത്തിയത്. ഇതിന്റെ മനോവിഷമത്തിൽ ആയിരുന്നു അദ്ദേഹം. തുടർന്നാണ് ആത്മഹത്യ.
പ്രദേശവാസികളുടെയും കുട്ടികളുടെയും ഇഷ്ട അദ്ധ്യാപകനാണ് സുരേഷ്. അദ്ദേഹത്തെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തൽ. പ്രദേശത്തെ പ്രധാന ക്രിമിനൽ ആയ നിഷാം എന്നയാളും സുരേഷിനെ മർദ്ദിച്ചവരുടെ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Comments