ന്യൂഡൽഹി : കാബൂൾ പിടിച്ചടക്കിയതിനു ശേഷം താലിബാൻ ഭീകരർ സന്തോഷത്താൽ കരയുന്ന ദൃശ്യങ്ങളിൽ മലയാളി ശബ്ദം കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും. വീഡിയോയിൽ കേൾക്കുന്ന സംസാരം ശ്രദ്ധിച്ചാൽ രണ്ട് മലയാളി താലിബാനികളെങ്കിലും അവിടെ ഉണ്ടാകുമെന്ന് കരുതുന്നതായി ശശി തരൂർ ട്വീറ്റ് ചെയ്തു.
ഇന്നലെ വൈറലായ താലിബാൻ വീഡിയോയിലാണ് മലയാളം സംസാരിക്കുന്നുണ്ടെന്ന സംശയം ഉയർന്നത്. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. മലയാളം സംസാരിക്കുന്നുണ്ടെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ശശി തരൂരും ഇത് സ്ഥിരീകരിക്കുകയാണ്.
അതേസമയം ശശി തരൂരിന്റെ ട്വീറ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടികൾ വരുന്നുണ്ട്. സംഘപരിവാർ വാദഗതിയെ ശശി തരൂർ പിന്തുണയ്‌ക്കുകയാണെന്നാണ് എതിരഭിപ്രായങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ നിന്ന് ഭീകര പ്രവർത്തനങ്ങൾക്കായി നിരവധി മലയാളികൾ അഫ്ഗാനിലേക്ക് പോയിട്ടുള്ളതിനാൽ ഇതിൽ അത്ഭുതപ്പെടാനെന്തുണ്ടെന്ന മറുവാദവും ഉയരുന്നുണ്ട്.
Comments