വാർസോ;എട്ടുമാസം പ്രായമായ കുഞ്ഞിന്റെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്‌ക്ക് ചികിത്സാധനസമാഹരണം നടത്താൻ ഒളിമ്പിക്‌സ്് ജേതാവ് വെള്ളിമെഡൽ ലേലം ചെയ്തു. പോളിഷുകാരിയായ ജാവലിൻ ത്രോ താരം മരിയ ആൻഡ്രജിക് ആണ് ഒളിമ്പിക്‌സ് മെഡൽ ലേലം ചെയ്തത്. 2020 ടോക്കിയോ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവാണ് മരിയ.
ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് ശേഷം ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന മരിയയുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ സഹായത്തിന് അർഹനായ കുഞ്ഞിനെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള എട്ട് മാസം പ്രായമായ പോൾ മിലോസെക്ക് അടിയന്തരശസ്ത്രക്രിയക്ക് പണം കണ്ടത്തുന്നതിനായി ഏറെ ബുദ്ധിമുട്ടിയിരുന്നു. ടോട്ടൽ അനോമാലസ് പൾമണറി വെനസ് കണഷൻ എന്ന അസുഖമാണ് കുഞ്ഞിന്. ഇത് പ്രധാനമായും ശ്വാസകോശ സിരകളെയും ഹൃദയത്തെയുമാണ് ബാധിക്കുന്നത്.
മിസോക്കിന്റെ അടിയന്തര ചികിത്സക്ക് 1.5 ദശലക്ഷം പോളിഷ് സ്ലോട്ടി( 2.86 കോടി ഇന്ത്യൻ രൂപ) ആവശ്യമായിരുന്നു. വെള്ളിമെഡൽ ലേലം ചെയ്തതിലൂടെ ഏകദേശം 1.4 കോടി രൂപ സമാഹരിച്ചു.താരത്തിലൂടെ കുഞ്ഞിന്റെ വിവരമറിഞ്ഞ് നിരവധി പേർ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ഒളിമ്പിക്‌സ് മെഡൽ ലേലം ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
Comments