ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വ്യക്തമായ ആസൂത്രണം നടത്തണമെന്നും പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
2024ലെ തെരഞ്ഞെടുപ്പ് ഒരു വെല്ലുവിളിയാണ്. വിജയമാകണം ആത്യന്തികലക്ഷ്യം. ഒരുമിച്ച് നിന്നാൽ അതിന് കഴിയും. ഐക്യപ്പെട്ട് പ്രവർത്തിക്കുകയല്ലാതെ മറ്റു വഴികളില്ല. നമുക്കെല്ലാവർക്കുമുള്ള ചില നിർബന്ധങ്ങൾ മാറ്റിവക്കണമെന്നും രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നിൽക്കണമെന്നും സോണിയ അഭ്യർത്ഥിച്ചു.
ആർഎൽഡി, ആർഎസ്പി, മുസ്ലീംലീഗ്, ഡിഎംകെ, സിപിഎം തുടങ്ങിയ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം എഎപി, ബിഎസ്പി, സമാജ്വാദി പാർട്ടി എന്നിവയുടെ പ്രതിനിധികൾ ആരും തന്നെ പങ്കെടുത്തില്ല.
Comments