ന്യൂഡൽഹി: ഇന്ത്യ ഞങ്ങൾക്ക് സ്വർഗ്ഗമെന്ന് അഫ്ഗാൻ അഭയാർത്ഥികൾ. കാബൂളിൽ നിന്നും ഇന്ത്യൻ പൗരന്മാർക്കൊപ്പം രക്ഷപെട്ടെത്തിയ അഫ്ഗാൻ പൗരന്മാരാണ് ആശ്വാസക്കണ്ണീർ പൊഴിച്ച് കേന്ദ്രസർക്കാറിന് നന്ദി പറയുന്നത്. ഒരിക്കലും രക്ഷപെടില്ലെന്ന അന്തരീക്ഷത്തിൽ നിന്നാണ് കുഞ്ഞുകുട്ടികളടക്കം അഫ്ഗാൻ പൗരന്മാരെ ഇന്ത്യൻ സൈന്യം കാബൂളിൽ നിന്നും പുറത്തുകടത്തിയത്.
ഗാസിയാബാദിലെ ഹിൻഡോൺ വ്യോമസേനാ വിമാനത്താവളത്തിലാണ് ഇന്ത്യൻ പൗരന്മാരേയും അഫ്ഗാൻ അഭയാർത്ഥികളേയും വ്യോമസേനാ വിമാനത്തിൽ എത്തിച്ചത്. ഇന്ത്യൻ എംബസിയും വ്യോമസേനയും നടത്തിയ രക്ഷാപ്രവർത്തനത്തെ യുദ്ധ സമാന മെന്നാണ് അഫ്ഗാൻ വനിതയായ സാദിയ വിശേഷിപ്പിച്ചത്.
ഏതു നിമിഷവും മനസ്സുമാറുന്ന താലിബാൻ ഭീകരരുടെ കയ്യിൽപെടാതെ കാബൂൾ വിമാനത്താവളത്തിനുള്ളിൽ എത്താൻ സാധിച്ച നിമിഷങ്ങൾക്ക് അവർ നന്ദിപറഞ്ഞു. തങ്ങളുടെ വീടുകളടക്കം പരിസരത്തെ അഞ്ചുവീടുകൾ ഭീകരർ അഗ്നിക്കിരയാക്കി. തങ്ങളുടെ ജന്മദേശം തീർത്തും നരകതുല്യമായിരിക്കുകയാണ്. താനും മകളും രണ്ടു പേരക്കുട്ടികളും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. താലിബാൻ ഭീകരർ നഗരം കയ്യടക്കുംമുന്നേ വിമാനത്താവളത്തിൽ എത്തിച്ചത് ഇന്ത്യക്കാരായ അയൽവാസികളാണ്. ഈ സഹായം ഒരിക്കലും മറക്കില്ലെന്നും സാദിയ പറഞ്ഞു.
Comments