ന്യൂഡൽഹി : മലബാർ കലാപത്തിലെ മുഖ്യനേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ ഉൾപ്പെടെ 387 നേതാക്കളെ സ്വാതന്ത്ര്യ സമര രക്ഷസാക്ഷികളുടെ പട്ടികയിൽ നിന്നും നീക്കി. കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ചും (ഐസിഎച്ച്ആർ) സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ബലിദാനികളുടെ നിഘണ്ടുവിൽ നിന്നാണ് കലാപകാരികളുടെ പേരുകൾ നീക്കം ചെയ്തത്. നിഘണ്ടുവിന്റെ അഞ്ചാം വാല്യം പുനഃപരിശോധിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം സമർപ്പിച്ചത്.
1921 ലെ മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതല്ല, മറിച്ച് മതരാജ്യം സ്ഥാപിക്കാനും മതപരിവരിവർത്തനം ലക്ഷ്യമിട്ടും നടത്തിയതാണെന്ന് വിദഗ്ധ സമിതി കണ്ടെത്തി. തുടർന്നാണ് നിർണായക തീരുമാനം സ്വീകരിച്ചത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
മലബാർ കലാപത്തിൽ സമരക്കാർ ഉയർത്തിയ മുദ്രാവാക്യം ഒന്നു പോലും ദേശീയതയെ അനുകൂലിച്ചായിരുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു. കലാപത്തിന് നേതൃത്വം വഹിച്ച വാരിംയകുന്നത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യസമര നായകൻ അല്ലെന്നും തീവ്ര മുസ്ലീം നയങ്ങൾ നടപ്പിലാക്കുന്ന ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരിയാണെന്നും സമിതി അറിയിച്ചു. മലബാർ കലാപത്തിൽ പങ്കെടുത്ത പലരും അസുഖങ്ങളും മറ്റും ബാധിച്ചാണ് മരിച്ചത്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാരിയംകുന്നൻ ഉൾപ്പെടെയുള്ളവരെ പട്ടികയിൽ നിന്ന് പുറത്താക്കണമെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചത്.
വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉൾപ്പെടെ പേര് ഒഴിവാക്കിയതിന് ശേഷം ഒക്ടോബറോടെ പട്ടിക പുനഃപ്രസിദ്ധീകരിക്കുമെന്ന് ഐസിഎച്ച്ആർ ഡയറക്ടർ ഓം ജീ ഉപാദ്ധ്യയ അറിയിച്ചു.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിലെ അംഗമായ സി ഐ ഐസക്കാണ് ഇവരുടെ പേരുകൾ ഈ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചത്. മാപ്പിളകലാപം അഴിച്ചുവിട്ട കുഞ്ഞഹമ്മദ് ഹാജിയെപോലുള്ള കുപ്രസിദ്ധ നായകന്മാർ ഹിന്ദു യുവാക്കളെയും സ്ത്രീകളേയും കൊലപ്പെടുത്തുകയും അവരുടെ മൃതദേഹം വരെ വികൃതമാക്കുകയും ചെയ്തു എന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്നാണ് നിഘണ്ടു പുനഃപരിശോധിക്കാൻ തീരുമാനമായത്.
















Comments