വാഷിങ്ങ്ടൺ : കൊറോണ വാക്‌സിൻ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം.ഫ്‌ളോറിഡ സർവകശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. 2020 ഡിസംബറിനും 2021 മാർച്ചിനും ഇടയിലുള്ള കാലയളവിലാണ് പഠനം നടത്തിയത്. കൊറോണ ബാധിക്കാത്ത അമ്മമാരിലാണ് ഗവേഷകർ പഠനം നടത്തിയത്.
വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ്, ആദ്യ ഡോസ് എടുത്തതിന് ശേഷം, രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം, എന്നീ സമയങ്ങളിലാണ് അമ്മമാരെ പഠനവിധേയമാക്കിയത്.പഠനത്തിനായി ഗവേഷകർ അമ്മമാരുടെ മുലപ്പാലും രക്തസാമ്പിളും ശേഖരിച്ചിരുന്നു.
പഠനപ്രകാരം രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം അമ്മമാരുടെ രക്തത്തിലും മുലപ്പാലിലും വലിയ തോതിൽ കൊറോണയ്‌ക്കെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിന് മുൻപുള്ളതിനേക്കാൾ, ആന്റിബോഡിയിൽ നൂറ് മടങ്ങ് വർദ്ധനവ് ഉണ്ടായതായി പഠനം തെളിയിക്കുന്നു.
കൊറോണയ്‌ക്കെതിരായ ആന്റിബോഡികൾ അടങ്ങിയ മുലപ്പാൽ കഴിക്കുന്ന കുഞ്ഞുങ്ങളെ ഏത് രീതിയിലാണ് അവ സഹായിക്കുക എന്നതിനെ കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. കുഞ്ഞുങ്ങൾക്ക് ഇത് വരെ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങിയിട്ടില്ല. ആ സാഹചര്യത്തിൽ കൊറോണ മഹാമാരിക്കെതിരായ യുദ്ധത്തിലെ ഒരു നാഴികകല്ലാവും പുതിയ പഠനഫലമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മൈക്രോബയോളജി പ്രൊഫസർ ജോസ് ലാർക്കിൻ പറഞ്ഞു.
















Comments