സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി റദ്ദാക്കി ഹൈക്കോടതി ; പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന ആരോപണം സംശയം ജനിപ്പിക്കുന്നുവെന്നും നിരീക്ഷണം

Published by
Janam Web Desk

കൊച്ചി : സന്നദ്ധ സംഘടനയായ സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടിയ്‌ക്ക് തിരിച്ചടി. കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകൻ വി. എൻ ശങ്കർ മുഖേന സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

മെയ് 24 നായിരുന്നു റിലീഫ് ഏജൻസിയാക്കിക്കൊണ്ടുള്ള ഉത്തരവ് കണ്ണൂർ ജില്ലാ കളക്ടർ റദ്ദാക്കിയത്. ഇടത് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു നടപടി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതി കാണിച്ച മികവിനെ തുടർന്ന് മെയ് 22 ന് കണ്ണൂർ ജില്ലാ കളക്ടർ തന്നെയാണ് റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചതും.

കൊറോണ ചികിത്സയ്‌ക്കായി കേന്ദ്ര ആയുഷ് മന്ത്രാലയം തയ്യാറാക്കിയ ആയുഷ് 64 മരുന്നിന്റെ വിതരണത്തിൽ നിന്നും മറ്റ് സംഘടനകൾ മാറി നിന്നപ്പോൾ സന്നദ്ധതയറിയിച്ച് രംഗത്ത് വന്നത് സേവാഭാരതിയായിരുന്നു. ഇതേ തുടർന്നാണ് റിലീഫ് ഏജൻസിയായി സേവാഭാരതിയെ പ്രഖ്യാപിച്ചത്. എന്നാൽ ഇത് വലിയ വാർത്തയായതോടെ ഇടത് സംഘടനകൾ ഇടപെട്ടു. ഇതേ തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്.

സേവാഭാരതി രാഷ്‌ട്രീയ പക്ഷമുള്ള സംഘടനയാണെന്നായിരുന്നു ഇടത് സംഘടനാ പ്രവർത്തകരുടെ ആരോപണം. ഇതിനെതിരെയാണ് സേവാഭാരതി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എൻ നഗരേഷാണ് ഹർജിയിൽ വിധി പറഞ്ഞത്. സേവാ ഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഉയർന്ന ആരോപണം സംശയം ജനിപ്പിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പരാതികളിലെ കൃത്യത ഉറപ്പാക്കുന്നതിൽ അധികൃതർക്ക് വീഴ്‌ച്ച പറ്റി. പ്രാഥമിക അന്വേഷണവും നടത്തിയില്ല. പിൻവലിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം സേവാഭാരതിയുടെ ഭാഗം കേട്ടില്ലെന്നും കോടതി വ്യക്തമാക്കി.

Share
Leave a Comment