ന്യൂഡൽഹി: രണ്ട് ദിവസത്തെ ത്രിപുര സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ത്രിപുരയിലെത്തും. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ നിരവധി വികസന പദ്ധതികൾക്കും ഇന്നും നാളെയുമായി തുടക്കം കുറിക്കും. ബിജെപിയും, ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയും (ഐപിഎഫ്ടി) സഖ്യം ചേർന്നതിനു ശേഷം ത്രിപുരയിലേക്കുള്ള മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഇതിനുശേഷം സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും .
സന്ദർശനത്തിന്റെ രണ്ടാം ദിവസം, ത്രിപുരയിലെ മൂന്നാമത്തെ വലിയ നഗരമായ ഉദയ്പൂരിലേക്ക് പോകും, പ്രശസ്തമായ ത്രിപുര സുന്ദരി ക്ഷേത്ര ദർശനത്തിനായാണ് മന്ത്രി എത്തുന്നത്.
ക്ഷേത്ര ദർശനത്തിനു ശേഷം ജില്ലയിലെ പ്രാദേശിക സ്വയംസഹായ സംഘത്തിലെ അംഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Comments