ന്യൂഡൽഹി:കൊറോണ പ്രതിരോധത്തിൽ വലിയ ചുവട് വെച്ചിരിക്കുകയാണ് ഇന്ത്യ.ജനസംഖ്യയിൽ പകുതിയിലേറെ പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. 62,17,06,882 പേർക്കാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ നൽകിയത്.നിലവിൽ രാജ്യത്ത് 47.3 കോടി ആളുകൾ ഒരു ഡോസും 13 കോടിയിലേറെ പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് ഒരു കോടിയിലേറെ പേർക്ക് കുത്തിവെയ്പ്പ് നൽകി വലിയ മുന്നേറ്റം സൃഷ്ടിച്ചിരുന്നു.
ആരോഗ്യപ്രവർത്തകരിൽ വാക്‌സിൻ സ്വീകരിച്ചവർ 99 ശതമാനവും കോവിഡ് മുന്നണി പോരാളികളിൽ ഇത് 100 ശതമാനവുമാണ്. ജനുവരി 16നാണ് രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് ആരംഭിച്ചത്.
ഒക്ടോബറോടെ രാജ്യത്തെ വാക്‌സിൻ വിതരണം കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.ഇതുവരെ ആകെ 62 കോടി പേർക്ക് വാക്‌സിൻ നൽകിയതായും മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് മാസം രാജ്യത്ത് പ്രതിദിനം ശരാശരി 52.16 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകുന്നത്.
അതേസമയം രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞിരിക്കുകയാണ്.എങ്കിലും മൂന്നാംതരംഗം പ്രതീക്ഷിക്കാമെന്നും ജാഗ്രത വേണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.
















Comments