ഒമാനിലെ രക്ത ബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ , മസ്കറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ “പ്രതീക്ഷ ഒമാൻ ” രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ രക്തം ദാനം ചെയ്യാൻ എത്തി .പ്രതീക്ഷ ഒമാൻ കഴിഞ്ഞ എട്ടു വർഷമായി ഓരോ മൂന്നു മാസം കൂടുമ്പോഴും രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ടന്നും, എന്നാൽ ഒമാനിലെ രക്ത ബാങ്കുകളിൽ രക്തത്തിനു ഏറ്റവും ആവശ്യമുള്ള സമയത്തു സജീവമായി പരിപാടി നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇതിനോട് സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ” പ്രതീക്ഷ ഒമാൻ ” പ്രസിഡണ്ട് റെജി കെ തോമസ് പറഞ്ഞു .കോവിഡ് മഹാമാരിയുടെ സമയത്തു ഒമാനിലെ ലക്ഷകണക്കിന് വരുന്ന വിദേശികൾക്ക് ഇവിടെത്തെ ഭരണാധികാരികളും , ജനങ്ങളൂം നൽകിയ സഹകരണത്തിനും , സ്നേഹത്തിനും ഈ രാജ്യത്തോട് നമുക്ക് കടപ്പാടുണ്ടെന്നും അതുകൊണ്ടു തന്നെ ഇത്തരം പരിപാടികൾ നടത്താൻ കൂടുതൽ ആളുകൾ മുന്നോട്ട് വരണമെന്നും രക്തദാന ക്യാമ്പിന്റെ കൺവീനർ ഡേവിസ് കൊള്ളന്നൂർ പറഞ്ഞു . ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലത്തു പ്രതീക്ഷ ഒമാൻ നടത്തിയെന്നും, അതിനോട് സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അതോടൊപ്പം കോവിഡ് രോഗവ്യാപനത്തിനു കുറവുണ്ടെങ്കിലും , കോവിഡ് സുരക്ഷാ മുൻകരുതലുകൾ കർശനമായി ഓരോരുത്തരും പാലിക്കണം എന്നും ട്രെഷറർ ജയശങ്കർ പറഞ്ഞു . രാവിലെ എട്ടു മണിക്ക് ആരംഭിച്ച പരിപാടി ഉച്ചക്ക് രണ്ടു മണിവരെ തുടർന്നു . ഭാരവാഹികൾക്ക് പുറമെ ഷിബു ഹമീദ് , സുരേഷ് കർത്ത, അഫ്സൽ , വിപിൻ, ജീബു, ഷിനു, മനോജ്, ഗിരീഷ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Comments