ഇന്ത്യയിലേക്ക് ലഹരി ഒഴുക്കാനുള്ള പാക് ശ്രമത്തിന് തിരിച്ചടി; ഹെറോയിനുമായി അതിർത്തി കടന്ന പാക് പൗരനെ ബിഎസ്എഫ് പിടികൂടി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി : പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ലഹരികടത്താനുള്ള നീക്കം തകർത്തെറിഞ്ഞ് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ലഹരിയുമായി അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി. പഞ്ചാബിലെ ഫിറോസ്പൂരിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

ഹെറോയിനാണ് പാക്പൗരൻ അതിർത്തിവഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇതിനായി അന്താരാഷ്‌ട്ര അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ബിഎസ്എഫ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 2.12 കിലോ ഹെറോയിനും പിടിച്ചെടുത്തു.

അർദ്ധരാത്രി പട്രോളിംഗ് നടത്തുകയായിരുന്നു സംഘമാണ് ഇയാളെ പിടികൂടിയത്. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഘം മേഖല വളയുകയായിരുന്നു. തിരിച്ച് പാകിസ്താനിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പിടികൂടിയത്. ഇതിനിടെ പാക് പൗരന് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പാക് പൗരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ 5 മണിക്കൂറോളം മേഖലയിൽ സുരക്ഷാ സേന പരിശോധന നടത്തി. വൻ ലഹരിമരുന്ന് സംഘത്തിലെ കണ്ണിയാണ് പാക്പൗരൻ എന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇയാൾക്ക് പിന്നാലെ പാകിസ്താനിൽ നിന്നും കൂടുതൽ പേർ അതിർത്തി കടന്നെത്തിയേക്കാമെന്നും സുരക്ഷാ സേന സംശയിക്കുന്നു. ഈ സാഹചര്യത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി.

Share
Leave a Comment