ലക്നൗ: ഉൾനാടൻ പ്രദേശങ്ങളിലെ മത്സ്യബന്ധനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി ഉത്തർപ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. യുവാക്കൾക്കും കർഷകർക്കും തൊഴിലവസരങ്ങൾ ഉറപ്പാക്കി കൊണ്ടുള്ള നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് ഇപ്പോൾ നടപ്പാക്കുന്നത്. ചെറിയ മുതൽ മുടക്കിൽ തുടങ്ങി മികച്ച വരുമാനം ഉറപ്പാക്കുന്ന ധാരാളം പദ്ധതികൾ യോഗി സർക്കാർ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും തുടങ്ങിയത്.
മത്സ്യബന്ധനത്തിൽ പരിശീലനം നൽകുന്നതിനൊപ്പം അവ വലിയ തോതിൽ വിപുലീകരിക്കാനുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. ഇതുവഴി കർഷകർക്ക് സ്ഥിര വരുമാനം ഉറപ്പിക്കാൻ കഴിയുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. മത്സ്യബന്ധന ജലസംഭരണികളുടെ കാലാവധി 3 വർഷത്തിൽ നിന്ന് 10 വർഷമാക്കി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനം 26.44 ലക്ഷം മെട്രിക് ടൺ മത്സ്യമാണ് ഉത്പാദിപ്പിച്ചത്.
നാല് വർഷത്തിനുള്ളിൽ 1191.27 കോടി മത്സ്യവിത്ത് ഉത്പാദിപ്പിക്കുകയും, 7883 മത്സ്യ തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. സ്വാശ്രയ ഇന്ത്യ കാമ്പെയ്‌നിന്റെ കീഴിൽ ‘പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന’ നടപ്പിലാക്കിക്കൊണ്ട് കർഷകർക്ക് സൗജന്യ മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യവും സംസ്ഥാന സർക്കാർ ഉറപ്പാക്കി.
















Comments