വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ ഖത്തർ സന്ദർശിക്കുന്നു. അഫ്ഗാനിൽ നിന്നും സേനാ പിന്മാറ്റം പൂർത്തിയായ ശേഷമുള്ള ആദ്യ സന്ദർശനമാണ് നടക്കുന്നത്. ഖത്തർ ഭരണാധികാരി അമീർ ഷേഖ് തമീം ബിൻ ഹമദ് അൽ താനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
അഫ്ഗാൻ വിഷയത്തിലെ മദ്ധ്യസ്ഥരെന്ന നിലയിൽ ഖത്തറിനെയാണ് അമേരിക്ക തുടക്കം മുതൽ വിശ്വാസത്തിലെടുത്തത്. അഫ്ഗാൻ മുൻ ഭരണകൂടത്തിനും താലിബാനും കൂടിക്കാഴ്ച നടത്താനുള്ള ഇടമൊരുക്കിയത് ഖത്തറായിരുന്നു. അഫ്ഗാനിൽ ഇനി അമേരിക്കയുടെ ഇടപെടലിനെ സംബന്ധിച്ച് ഇതുവരെ മറ്റ് തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവിൽ 100 നോട് അടുത്ത് അമേരിക്കൻ പൗരന്മാർ അഫ്ഗാനിലുണ്ട്. അതോടൊപ്പം നിരവധി വിദേശരാജ്യങ്ങളുടെ പൗരന്മാരും വിവിധ പ്രവിശ്യകളിലായി ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ എംബസ്സികളൊന്നും പ്രവർത്തിക്കാത്തതിനാൽ ഏകോപനം സാദ്ധ്യമാകു ന്നില്ലെന്നതാണ് അമേരിക്കയും ഐക്യരാഷ്‌ട്രസഭയും നേരിടുന്ന വെല്ലുവിളി.
താലിബാന്റെ രാഷ്‌ട്രീയ ആസ്ഥാനമായി ഇതുവരെ പ്രവർത്തിച്ചിരുന്നത് ഖത്തറിന്റെ തലസ്ഥാനമായ ദോഹയാണ്. ഇന്ത്യയടക്കമുള്ള മേഖലയിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചേർന്നാണ് ട്രംപിന്റെ കാലയളവിൽ അഫ്ഗാനിലെ സമാധാന ചർച്ചകൾ പുരോഗമിച്ചത്. മേഖലയിലെ സുപ്രധാന ശക്തികളായ റഷ്യയും ചൈനയും താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ചൈനയും റഷ്യയും നടത്തുന്ന നീക്കം അമേരിക്കയുടെ ഏഷ്യയിലെ സ്വാധീനത്തിന് വലിയ ഇടിവുണ്ടാക്കുമെന്നത് ഉറപ്പായിരി ക്കുകയാണ്. അമേരിക്കയെ അകറ്റി നിർത്താൻ ചൈനയാണ് താലിബാന് എല്ലാ സഹായങ്ങളും നൽകുമെന്ന ഉറപ്പു നൽകിയിട്ടുള്ളത്.
















Comments