വെല്ലിങ്ടൺ: ന്യൂസിലാൻഡിലെ സൂപ്പർമാർക്കറ്റിൽ നടന്ന ഐഎസ് ഭീകരാക്രമണത്തിൽ ഏഴ് പേർക്ക് സാരമായി പരിക്കേറ്റുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഓക്ക്‌ലാൻഡിലുള്ള സൂപ്പർമാർക്കറ്റിൽ വെള്ളിയാഴ്ച രാവിലെയാണ് ഭീകരാക്രമണം നടന്നത്. സൂപ്പർമാർക്കറ്റിനുള്ളിൽ നിന്നും കത്തിയെടുത്ത് സമീപം നിന്നിരുന്നവരെ ഭീകരൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ വെടിവെച്ചു കൊലപ്പെടുത്തി.
സ്റ്റുഡൻഡ് വിസയിൽ 2011ലെത്തിയ ശ്രീലങ്കൻ പൗരനാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പല ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. ന്യൂസിലാൻഡ് ജയിലിൽ മൂന്ന് വർഷത്തോളം കിടന്നിട്ടുണ്ടെന്നും കഴിഞ്ഞ ജൂലൈയിലാണ് ഇയാളെ ജയിൽ നിന്ന് മോചിപ്പിച്ചതെന്നും സർക്കാർ അറിയിച്ചു.
കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ സൂപ്പർമാർക്കറ്റിൽ തിരക്ക് കുറവായിരുന്നു. ഇത് പരിക്കേറ്റവരുടെ എണ്ണം കുറച്ചു. അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യ കൊറോണ മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ന്യൂസിലാൻഡിലെ 27-ാമത്തെ കൊറോണ മരണമാണിത്.
















Comments