ന്യൂഡൽഹി: നിരീക്ഷണത്തിന് മാത്രമല്ല, അതിർത്തിയിൽ ഇനി ആക്രമണം നടത്താനും ഡ്രോണുകൾ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ സൈന്യം. ആയുധങ്ങൾ വഹിക്കാവുന്ന 100 ഡ്രോണുകൾ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. തദ്ദേശീയമായി നിർമ്മിച്ച പ്രഹരശേഷിയുള്ള ഡ്രോണുകൾ ആദ്യമായി സൈന്യം അതിർത്തി സംരക്ഷണത്തിന് ഉപയോഗിക്കും. ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് കരസേനയ്‌ക്കായ് നിർമ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ പദ്ധതിക്ക് മുതൽക്കൂട്ട് ആകുകയാണ് പുതിയ ഡ്രോണുകൾ.
അതിർത്തിയിലെ തീവ്രവാദ ഭീഷണിയും അയൽരാജ്യങ്ങളിലെ അരാജകത്വത്തിന്റെ പശ്ചാത്തതലത്തിലാണ് സൈന്യത്തിന്റെ നീക്കം. ഡ്രോണുകൾ ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ നിരീക്ഷണത്തിന് ഉപയോഗിക്കും. ആയുധങ്ങൾ വഹിക്കാവുന്ന ഡ്രോണുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരുടേയും ഭീകരരുടെയും താവളങ്ങൾ കണ്ടെത്തി തകർക്കാനാവും. 25 കിലോമീറ്റർ ദൂരപരിധിയിലുള്ള ഏത് ലക്ഷ്യ സ്ഥാനവും തകർക്കാനും ശേഷിയുള്ളതാണ് ഈഡ്രോണുകൾ. രണ്ടു ഘട്ടങ്ങളായി 50 ഡ്രോണുകൾ വീതമാണ് വാങ്ങുക. അഞ്ചു മുതൽ പത്ത് കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിക്കാനാകും.
ഇതേ ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തിയിലേക്ക് മരുന്നുകളും സൈന്യത്തിനുള്ള അവശ്യസാധനങ്ങളും എത്തിക്കാം. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ സൈന്യം നിതാന്ത ജാഗ്രതയിലാണ്. മുമ്പ് ജമ്മുകശ്മീരിൽ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം വിഫലമാക്കിയിരുന്നു.
വിമാനങ്ങൾക്ക് നേരേ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഡ്രോൺ തുറസ്സായ സ്ഥലത്ത് വീണാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ രണ്ടു സൈനികർക്ക് പരിക്കേറ്റിരുന്നു. ഡ്രോണുകൾ വ്യോമത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണ രീതിയാണ് ഭീകരർ പരീക്ഷിച്ചത്. ഇനി ഇത്തരം ആക്രമണങ്ങൾ നടന്നാൽ ശക്തമായ തിരിച്ചടി നൽകുമൈന്ന് സൈന്യം താക്കീത് നൽകിയിരുന്നു.
Comments