ന്യൂഡൽഹി; ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് നേപ്പാൾ സർക്കാറിന്റെ ഔദ്യോഗിക പ്രസ്താവന. നേപ്പാളിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഭരണ സഖ്യകക്ഷിയായ മാവോയിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടിയുടെ അനുഭാവികളും പ്രവർത്തകരും ചേർന്ന് ഇന്ത്യാ വിരുദ്ധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഈ സംഭവത്തെ നേപ്പാൾ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നാണ് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന.
സർക്കാരിന് വേണ്ടി, ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ട് പ്രസ്താവനകൾ പുറപ്പെടുവിക്കുകയും ചെയ്തു. നിയമപരമായ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഒരു കാരണവുമില്ലാതെയാണ് ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുകയും പ്രധാനമന്ത്രി മോദിയുടെ കോലം കത്തിക്കുകയും ചെയ്തത്. സൗഹൃദ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഒരു കാരണവശാലും സൗഹൃദ രാഷ്‌ട്രത്തിന് എതിരായി നേപ്പാളിന്റെ മണ്ണ് ഉപയോഗിക്കരുതെന്നും നടപടി സ്വീകരിക്കാൻ നേപ്പാൾ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അയൽ രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സ്വത്വത്തെയും വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും പൊറുക്കാനാവില്ലെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. അയൽ രാജ്യത്തിനെതിരെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് സർക്കാർ നൽകുന്ന താക്കീത്.
അയൽ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്നും നേപ്പാൾ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അയൽ രാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു.
ചൈനയുമായി അതിർത്തി തർക്കം ഉണ്ടെന്ന് നേപ്പാൾ ഇക്കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നു. ചൈനയുടെ കയ്യേറ്റം അന്വേഷിക്കാൻ ഒരു ഉന്നതതല സമിതിയെയും നേപ്പാൾ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെയാണ് ഭരണ സഖ്യകക്ഷിയായ മാവോയിസ്റ്റ്, യൂണിഫൈഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചത്.
Comments