ഭോപ്പാൽ: സ്കൂൾ യൂണിഫോമിൽ എത്താൻ കഴിയില്ലെങ്കിൽ വിദ്യാർത്ഥിനികളോട് പോയി കല്ല്യാണം കഴിക്കാൻ സ്കൂൾ പ്രിൻസിപ്പാൾ.
അദ്ധ്യാപക ദിനത്തിന്റെ തലേന്നാണ് പെൺകുട്ടികളോട് മോശമായ സംസാരം ഉണ്ടായത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ മച്ചൽപൂരിലെ സർക്കാർ അപ്പർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്രിൻസിപ്പൽ രാധേശ്യാം മാളവ്യയ്ക്കെതിരെയാണ് കേസ്.മൂന്ന് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്നാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
യൂണിഫോം ഇല്ലാതെ സ്കൂളിൽ എത്തുന്ന വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിപ്പിച്ചാണ് പ്രിൻസിപ്പാൾ മോശമായി സംസാരിച്ചത്. യൂണിഫോം തയ്ക്കാൻ കഴിയാത്തതിനാൽ സാധാരണ വസ്ത്രത്തിലാണ് സ്കൂളിൽ എത്തിയതെന്ന് കുട്ടികൾ പറയുന്നു. എന്നാൽ യൂണിഫോം ഇല്ലെങ്കിൽ നഗ്നരായി സ്കൂളിൽ വരാനും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടെന്നും കുട്ടികൾ പരാതിയിൽ പറഞ്ഞു.
സ്കൂളിൽ അച്ചടക്കം ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും യൂണിഫോമിൽ സ്കൂളിൽ വരാൻ മാത്രമാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതെന്നും പ്രിൻസിപ്പാൾ പറഞ്ഞു. അവർ തന്റെ വിദ്യാർത്ഥികളാണെന്നും കുട്ടികളോട് ഒരിക്കലും അശ്ലീലമായി സംസാരിച്ചിട്ടില്ലെന്നും പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു. പോക്സോ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി മാളവ്യയ്ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മാളവ്യയെ അറസ്റ്റു ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയെങ്കിലും കണ്ടെത്താനായില്ല.
Comments