കൊച്ചി: കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് നിർദേശിക്കുന്ന 84 ദിവസത്തെ ഇടവേളയിൽ ഇളവ് നൽകി ഹൈക്കോടതി. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞാൽ താൽപര്യമുള്ളവർക്ക് രണ്ടാം ഡോസെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാക്‌സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കൊവിൻ പോർട്ടലിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി.
അതേസമയം രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായ തെളിവുകളുടെയും വിദഗ്ധരുടെയും ശുപാർശ അനുസരിച്ചായിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുൻഗണനാ വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ നൽകിയ ഇളവ് വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണെന്നും കോടതിയിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
















Comments