കാബൂൾ: അഫ്ഗാനിസ്താനിൽ യുഎസിന്റെ ആറ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നുവെന്ന് യുഎസ് പ്രതിനിധി മൈക്ക് മക്കോൾ. മസർ-ഇ-ഷെരീഫ് വിമാനത്താവളത്തിലാണ് പറന്നുയരാൻ താലിബാന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. താലിബാൻ യാത്രക്കാരെ ബന്ദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ആയിരത്തോളം പേരാണ് വിമാനത്താവളത്തിൽ നിന്നും രക്ഷപെടാനാകാതെ കുടുങ്ങിക്കിടക്കുന്നത്.
വിമാനങ്ങൾക്ക് പറന്നുയരാനോ, ലാൻഡ് ചെയ്യാനോ താലിബാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് ഇത്രയധികം പേർ കുടുങ്ങിക്കിടക്കുന്നത്. താലിബാനിൽ നിന്നും അനുമതി വാങ്ങുന്നതിൽ നിന്നും അമേരിക്കൻ വിദേശകാര്യ വകുപ്പ് പരാജയപ്പെട്ടെന്നാണ് മൈക്ക് മക്കോൾ പറയുന്നത്. വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവന് ഭീഷണിയും നേരിടുന്നുണ്ട്.
ഓഗസ്റ്റ് 15ന് കാബൂൾ നഗരം പിടിച്ചടക്കിയ താലിബാൻ, ഓഗസ്റ്റ് 31വരെയാണ് യു.എസ് സേനയ്‌ക്കും അഫ്ഗാനിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ നൽകിയ സമയപരിധി. ലോകം കണ്ട ഏറ്റവും വലിയ സൈനിക ദൗത്യം എന്ന് വിശേഷിപ്പിച്ച അമേരിക്ക ഈ നീക്കത്തിലൂടെ 1.24 ലക്ഷം പേരെ രാജ്യത്തിന് പുറത്തെത്തിച്ചു എന്നാണ് കണക്ക്.
Comments