മലപ്പുറം : ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ ആൾക്കെതിരെ കേസ് എടുത്ത് മംഗളൂരു പോലീസ്. തിരൂർ നിറമരുതൂർ സ്വദേശി സിദ്ദിഖിനെതിരെയാണ് കേസെടുത്തത്. സമൂഹമാദ്ധ്യമം വഴിയാണ് ഇയാൾ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയത്.
സിദ്ദിഖിനെ അന്വേഷിച്ച് ഇന്നലെ മംഗളൂരു പോലീസ് തിരൂരിലെ വീട്ടിൽ എത്തിയിരുന്നു. തുടർന്നാണ് മംഗളൂവിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം പുറത്തുവന്നത്. സിദ്ദിഖ് ഗൾഫിലാണെന്ന് വീട്ടുകാർ അറിയിച്ചതോടെ നാട്ടിൽ തിരിച്ചെത്തിയാൽ മംഗളൂരു പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
കഴിഞ്ഞ മാസമാണ് ഇയാൾ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയത്. വാരിയൻകുന്നത്ത് മുഹമ്മദ് ഹാജിയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രകോപിതനായായിരുന്നു ഭീഷണി. അവസരം വന്നാൽ കഴുത്തറുക്കുമെന്നായിരുന്നു സിദ്ദിഖ് ഭീഷണി മുഴക്കിയത്.
Comments