റായ്പൂർ: ബ്രാഹ്മണർക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് അറസ്റ്റിൽ. എൺപത്തിയാറുകാരനായ നന്ദകുമാർ ബാഗലിനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. സർവ്വ ബ്രാഹ്മിൺ സമാജത്തിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ നന്ദകുമാറിനെ റിമാൻഡ് ചെയ്തു.
ബ്രാഹ്മണർ വിദേശികളാണെന്നും അവരെ ബഹിഷ്‌കരിക്കണമെന്നും നന്ദകുമാർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ബ്രാഹ്മണരെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കരുത്. അവരെ രാജ്യത്ത് നിന്നു തന്നെ പുറത്താക്കണമെന്നാണ് നന്ദകുമാർ ആഹ്വാനം ചെയ്തത്. ഉത്തർപ്രദേശിലെ ഒരു പൊതു റാലിയിൽ വെച്ചായിരുന്നു വിവാദ പരാമർശം. തുടർന്ന് ബ്രാഹ്മണ സമൂഹം പോലീസിൽ പരാതി നൽകുകയായിരുന്നു.
നന്ദകുമാറിന്റെ പരാമർശങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിതാവിന്റെ പരാമർശങ്ങൾ തന്നെ വേദനിപ്പിക്കുന്നുവെന്നാണ് മകനും മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ പ്രതികരിച്ചത്. ഉചിതമായ നടപടി സ്വീകരിക്കാൻ പോലീസിനോട് നിർദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ നന്ദകുമാർ ശ്രീരാമ ഭഗവാനെതിരെ മോശം പരാമർശം നടത്തിയതായും ആരോപണമുണ്ട്.
















Comments