നേപ്പാൾ: സൗഹൃദരാജ്യമായ ഇന്ത്യയെ പിണക്കാൻ നേപ്പാൾ തയ്യാറല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം നടത്തിയാൽ ജയിലിൽ പോകേണ്ടിവരുമെന്ന് നേപ്പാൾ ആഭ്യന്തര വകുപ്പ് അറിയിച്ചു. സൗഹൃദ രാഷ്‌ട്രത്തിന് എതിരായി നേപ്പാളിന്റെ മണ്ണ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്. ചൈനയ്‌ക്കുള്ള താക്കീത് കൂടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
നേപ്പാളിലെ ഭരണ കക്ഷിയിൽപ്പെട്ട മാവോയിസ്റ്റ്, യൂണിഫൈഡ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ കഴിഞ്ഞ ദിവസം തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഇന്ത്യാവിരുദ്ധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ശക്തമായ ചൈന അനുകൂലികളാണ് നേപ്പാളിലെ മാവോയിസ്റ്റ് പാർട്ടികൾ. അതുകൊണ്ടുവതന്നെ കാഠ്മണ്ഡുവിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ ചൈനയുടെ സ്വാധീനമുണ്ടെന്ന സംശയവും ബലപ്പെടുകയാണ്.
ചൈനയുമായി അതിർത്തി തർക്കം ഉണ്ടെന്ന് നേപ്പാൾ ഇക്കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നു. ചൈനയുടെ കയ്യേറ്റം അന്വേഷിക്കാൻ ഉന്നതതല സമിതിയെയും നേപ്പാൾ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നേപ്പാൾ സർക്കാരിന്റെ ഈ നടപടിക്ക് പിന്നിൽ ഇന്ത്യയുടെ പ്രേരണയാണെന്നാണ് മാവോയിസ്റ്റ് പാർട്ടികളുടെ ആരോപണം.
നേപ്പാൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രലായം താക്കീത് നൽകുന്നത്. 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ട് പ്രസ്താവനകളാണ് മന്ത്രാലയം പുറത്തുവിട്ടത്. സൗഹൃദ രാജ്യമായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിൽ ആഭ്യന്തര മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് നേപ്പാൾ സർക്കാർ.
അയൽ രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സ്വത്വത്തെയും വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും വെച്ചുപൊറുക്കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. നയതന്ത്ര ചർച്ചയിലൂടെ അയൽ രാജ്യങ്ങളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും നേപ്പാൾ സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Comments