കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തി. ആയുധധാരികളായ അഞ്ചംഗ സംഘ ഭീകരർ ഇന്നലെ പ്രദേശത്ത് എത്തിയതായി പ്രദേശവാസികൾ പറഞ്ഞു. ഈ സാഹചര്യത്തിൽ ചക്കിട്ടപ്പാറയിൽ ഇന്നും പോലീസ് തിരച്ചിൽ നടത്തും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയിൽ മാവോയിസ്റ്റുകളെ കാണുന്നത്.
പ്ലാന്റേഷൻ കോർപ്പറേഷൻ മുതുകാട്ടെ പേരാമ്പ്ര എസ്റ്റേറ്റിലാണ് ഇന്നലെ വൈകിട്ട് ആറരയോടെ ആയുധധാരികളായ കമ്യൂണിസ്റ്റ് ഭീകരർ എത്തിയത്. മനേജരുടെ ഓഫീസിലും ക്വാട്ടേഴ്‌സ് പരിസരത്തുമെത്തിയ സംഘത്തിൽ സ്ത്രീകളുമുണ്ടായിരുന്നു. ക്വാട്ടേഴ്‌സിന്റെ ഭിത്തിയിൽ പോസ്റ്ററുകൾ പതിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ പേര് പ്രത്യേകം പരാമർശിക്കുകയും ചെയ്തു. അതിനാൽ ഇദ്ദേഹത്തിന് പ്രത്യേകം സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
റീപ്ലാന്റേഷന്റ മറവിൽ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷൻ ഭൂമി തൊഴിലാളികൾക്ക്, തൊഴിലാളികളെ തെരുവിലെറിയാൻ കോടികൾ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങൾ. ഒരു വർഷത്തിനിടെ നിരവധി തവണ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം പ്രദേശത്ത് കണ്ടെത്തിയിട്ടും പോലീസ് വേണ്ടവിധത്തിൽ കാര്യങ്ങൾ അന്വേഷിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
















Comments