കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് മരണപ്പെട്ട നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണികത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് ഭീഷണി.തുടർന്ന് കത്ത് കുടുംബം പോലീസിന് കൈമാറി. കഴിഞ്ഞ ദിവസമാണ് നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്.
കേസിൽ നിന്ന് പിൻമാറണമെന്നും, പിൻമാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നും കത്തിൽ പറയുന്നു. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ വിസ്മയയുടെ ഗതി തന്നെ സഹോദരൻ വിജിത്തിന് ഉണ്ടാവുമന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ഭീഷണികത്ത് ലഭിച്ചത്. പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്ത് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ചടയമംഗലം പോലീസിന് കൈമാറി. പോലീസ് തുടർ നടപടിക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു.
കത്തെഴുതിയത് വിസ്മയ കേസിലെ പ്രതി കിരൺ കുമാർ ആവാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ വെള്ളിയാഴ്ച് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
ജൂൺ 21നാണ് ഭർതൃ വീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിസ്മയയെ ഭർത്താവ് കിരൺകുമാർ മർദിച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. കിരണിനെതിരെ വിസ്മയയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. സ്ത്രീപീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം.
തുടർന്ന് കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു ഇതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
Comments