“ ബയണറ്റുകൾ ചൂണ്ടി അടിമത്തത്തിൽ വെക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യം ചിരന്തനമായ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു . ധനത്തിലും ബുദ്ധി ശക്തിയിലും ദരിദ്രനായ എന്നെപ്പോലൊരു പുത്രന് സ്വന്തം രക്തമല്ലാതെ മറ്റെന്താണ് അമ്മയുടെ കാൽക്കൽ അർപ്പിക്കാൻ കഴിയുക .ഇതേ അമ്മയുടെ പുത്രനായി ഒരിക്കൽക്കൂടി ജനിക്കണമെന്നും അമ്മയെ സ്വതന്ത്രയാക്കാനുള്ള യത്നത്തിൽ ജീവൻ അർപ്പിക്കണമെന്നും മാത്രമാണെന്റെ പ്രാർത്ഥന . വന്ദേ മാതരം “
1909 ഓഗസ്റ്റ് 17 ന് ലണ്ടനിലെ പെന്റൻവാലി ജയിലിൽ തൂക്കിലേറ്റപ്പെട്ട ധീര വിപ്ലവകാരി മദൻലാൽ ധിംഗ്രയുടെ അന്ത്യപ്രസ്താവനയിലെ വരികളാണിവ . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അവരുടെ നാട്ടിൽ നിന്നു കൊണ്ട് തന്നെ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ ജന്മദിനമാണ് സെപ്റ്റംബർ 18 .
1883 ൽ പഞ്ചാബിലെ അമൃതസറിലായിരുന്നു ധിംഗ്ര ജനിച്ചത് .പിതാവ് അമൃതസറിലെ പേരു കേട്ട ഡോക്റ്ററായിരുന്നു .പഠനകാലത്ത് തന്നെ സ്വദേശി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ധിംഗ്ര ഉന്നതപഠനത്തിനായി 1906 ൽ ഇംഗ്ലണ്ടിലേക്ക് പോയി . ഇംഗ്ലണ്ടിൽ വച്ച് പ്രസിദ്ധനായ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവ നായകനുമായ വിനായക് ദാമോദർ സവർക്കറുമായി ബന്ധം സ്ഥാപിച്ചു . അദ്ദേഹത്തിന്റെ സംഘടനയായ അഭിനവ ഭാരത് മണ്ഡലിന്റെ പ്രവർത്തകനായി ധിംഗ്ര മാറി .
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരുന്ന വിപ്ലവകാരികളെ ബ്രിട്ടീഷ് സർക്കാർ നിർദ്ദാക്ഷിണ്യം അടിച്ചമർത്തുന്ന സമയമായിരുന്നു അത് .ഖുദിറാം ബോസ് തൂക്കിക്കൊല്ലപ്പെട്ടതും ഗണേഷ് സവർക്കർ ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ടതും വിപ്ലവകാരികളെ ക്ഷുഭിതരാക്കി . ഗണേഷ് സവർക്കറിന്റെ സ്വത്തുകൾ കണ്ടുകെട്ടിയതിനാൽ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് ശ്മശാനത്തിൽ അഭയം തേടേണ്ട ദുര്യോഗം പോലുമുണ്ടായി . ഇതിനെല്ലാം പ്രതികാരം ചെയ്യാൻ ലണ്ടനിലെ അഭിനവ് ഭാരത് സംഘാംഗങ്ങൾ തീരുമാനിച്ചു. അത് നടപ്പിലാക്കേണ്ട ചുമതല മദൻ ലാൽ ധിംഗ്രയ്‌ക്കായിരുന്നു .
കഴ്സൺ പ്രഭുവിനെ വധിക്കാൻ രണ്ടുവട്ടം ധിംഗ്ര ശ്രമിച്ചെങ്കിലും ഭാഗ്യം കഴ്സണോടൊപ്പമായിരുന്നു . അതിനു ശേഷം ലണ്ടനിലെ ഇന്ത്യൻ ഓഫീസ് തലവൻ സർ കഴ്സൺ വാലിയെയാണ് ധിംഗ്ര ലക്ഷ്യം വെച്ചത് . ഇന്ത്യയിലെ മിക്ക കാര്യങ്ങളും നിയന്ത്രിച്ചിരുന്നവരിൽ പ്രധാനി തന്നെയാണ് കഴ്സൻ വാലിയും .1909 ജൂലൈ ഒന്നിന് നാഷണൽ ഇന്ത്യൻ അസോസിയേഷന്റെ ചടങ്ങിൽ സംസാരിക്കാനെത്തിയ വാലിയെ മദൻ ലാൽ ധിംഗ്ര വെടിവെച്ചു കൊന്നു ഇന്ത്യൻ യുവാക്കളെ മനുഷ്യത്വ രഹിതമായി നാടുകടത്തിയതിനും തൂക്കിക്കൊന്നതിനുമാണ് താനിതു ചെയ്തതെന്ന് ധിംഗ്ര കോടതിയിൽ പ്രതികരിച്ചു .
വിചാരണകൾ പ്രഹസനമായി . 1909 ജൂലൈ 20 ന് കോടതി ധിംഗ്രയെ തൂക്കിക്കൊല്ലാൻ വിധിച്ചു . 1909 ഓഗസ്റ്റ് 17 ന് രാവിലെ പെന്റൻവാലി ജയിലിൽ വെച്ച് ആ വിപ്ലവ നക്ഷത്രം തൂക്കിലേറ്റപ്പെട്ടു .വിദേശത്ത് വെച്ച് ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ആദ്യ ബലിദാനങ്ങളിലൊന്നായി മദൻ ലാൽ ധിംഗ്രയുടെ ജീവത്യാഗത്തെ കണക്കാക്കുന്നു .
സ്വന്തം മാതാപിതാക്കളും സഹോദരന്മാരും മദൻ ലാൽ ധിംഗ്രയെ തള്ളിപ്പറഞ്ഞിരുന്നു . മഹാത്മാ ഗാന്ധിയും കൃത്യത്തെ അപലപിക്കുകയുണ്ടായി . എന്നാൽ അഭിനവ് ഭാരത് അംഗങ്ങളും സ്വാതന്ത്ര്യ വീർ വിനായക ദാമോദർ സവർക്കറും അദ്ദേഹത്തെ പിന്താങ്ങി ..ചില ബ്രിട്ടീഷ് പത്രങ്ങൾ പോലും ധിംഗ്രയുടെ ദേശസ്നേഹത്തെ വാഴ്‌ത്തി. അയർലൻഡിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചവർ ധിംഗ്രയെ അഭിനന്ദിച്ചു . ധിംഗ്രയുടെ പ്രസ്താവന ദേശസ്നേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവു മനോഹരമായ ഒന്നാണെന്ന് വിൻസ്റ്റൺ ചർച്ചിലിനു പോലും പറയേണ്ടി വന്നു .
ധിംഗ്ര പ്രവചിച്ചതു പോലെ അദ്ദേഹത്തിന്റെ ബലിദാനം എണ്ണമറ്റ വിപ്ലവകാരികൾക്ക് ആവേശം പകർന്നു. ഒരിക്കൽ ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യുന്ന കാലം വരുമെന്ന് പറഞ്ഞത് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒടുവിൽ യാഥാർത്ഥ്യമായി . ധിംഗ്രയുടെ ഭൗതികാവശിഷ്ടം 1976 ൽ ഭാരതത്തിലേക്കെത്തിച്ച് എല്ലാ ബഹുമതികളോടും കൂടി സംസ്കരിച്ചു .ലാലാ ഹർദയാൽ പറഞ്ഞു . “ ഇംഗ്ലണ്ട് വിചാരിക്കുന്നുണ്ടാവാം അവൾ മദൻ ലാൽ ധിംഗ്രയെ വധിച്ചെന്ന് . സത്യത്തിൽ ധിംഗ്രയാണ് അനശ്വരൻ .ഭാരതത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യം കുറിക്കുന്നതിനു തുടക്കമിടുകയാണ് അദ്ദേഹം ചെയ്തത് . “
അനശ്വരനായ ധീരവിപ്ലവകാരി മദൻ ലാൽ ധിംഗ്രയുടെ ഓർമ്മകൾക്കു മുന്നിൽ ജനം ടി വിയുടെ പ്രണാമങ്ങൾ
Comments