ജയ്പൂർ: പഞ്ചാബിലെ രാഷ്‌ട്രീയ പ്രതിസന്ധിയെ തുടർന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ച സംഭവത്തിൽ പരസ്യ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസ് പാർട്ടിക്ക് ക്ഷതമേൽക്കുന്ന ഒരു നീക്കവും അമരീന്ദർ നടത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു. കോൺഗ്രസാണ് ഒമ്പതര വർഷത്തോളം ക്യാപ്റ്റനെ മുഖ്യമന്ത്രിയാക്കിയത്. പഞ്ചാബ് ജനതയെ സേവിക്കാൻ കഴിവിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും ഗെഹ്‌ലോട്ട് ട്വിറ്ററിൽ കുറിച്ചു.
നിയമസഭാംഗങ്ങളുടെയും പൊതുജനത്തിന്റെയും താത്പര്യങ്ങളെ കണ്ടില്ലെന്ന് നടക്കാൻ കോൺഗ്രസിനാകില്ല. അതുകൂടി കണക്കിലെടുത്ത് മാത്രമാണ് പാർട്ടി ഹൈക്കമാൻഡ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.
മുഖ്യമന്ത്രിയാകാനുള്ള മോഹവുമായി നിരവധി നേതാക്കൾ നടക്കുന്നുണ്ട്. ഇവർക്കുണ്ടായേക്കാവുന്ന നീരസം കൂടി പരിഗണിച്ച് മാത്രമേ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂവെന്നാണ് താൻ കരുതുന്നത്. എന്തായാലും ഹൈക്കമാൻഡ് തീരുമാനത്തിൽ ചിലർക്ക് അതൃപ്തിയുണ്ടാകും അത്തരം സാഹചര്യത്തിൽ അവർ മനസാക്ഷി പറയുന്നത് കേൾക്കാൻ തയ്യാറാകണം. ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്ന ബഹുമാന്യനായ കോൺഗ്രസ് നേതാവ് തുടർന്നും പാർട്ടി താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ അവസ്ഥയ്‌ക്ക് സമാനമായ സാഹചര്യത്തിലൂടെ തന്നെയാണ് രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെഹ്‌ലോട്ട് മുന്നോട്ടുപോകുന്നത്. മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും രാജസ്ഥാനിൽ അധികാര വടംവലി തുടരുകയാണ്.
Comments