ന്യൂഡൽഹി : പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരൺജീതിന്റെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരൺജീത് സിംഗിന് അഭിനന്ദനങ്ങൾ. പഞ്ചാബിന്റെയും ജനങ്ങളുടെയും നന്മയ്‌ക്കായി സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കും- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാവിലെയാണ് 16ാമത് മുഖ്യമന്ത്രിയായി ചരൺജീത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. അദ്ദേഹത്തോടൊപ്പം കോൺഗ്രസ് നേതാക്കളായ ഓം പ്രകാശ് സോണി, സുഖ്ജീന്ദർ രൺദാവെ എന്നിവരും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരൺജീത്. ചാംകൗൺ നിയോജക മണ്ഡലത്തിൽ നിന്നും മൂന്ന് തവണ വിജയിച്ച അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നവജോത് സിംഗ് സിദ്ധുവിന്റെ അടുപ്പക്കാരൻ കൂടിയാണ് ചരൺജീത് സിംഗ് ചന്നി.
















Comments