നൃൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലെ രക്തസാമ്പിൾ പരിശോധന സമയം അഞ്ച് മണിക്കൂർ വരെ വർദ്ധിപ്പിച്ചു. നേരത്തെ രണ്ട് മണിക്കൂർ ആയിരുന്ന പരിശോധനാ സമയമാണ് അഞ്ചു മണിക്കൂർ ആയി ദീർഘിപ്പിച്ചത്.
രോഗികളുടെ ആവശ്യം പരിഗണിച്ച് രക്തസാമ്പിളുകളുടെ പരിശോധനാ സമയം നീട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രോഗികളുടെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എയിംസിലെ മുതിർന്ന പ്രൊഫസർമാരുടെ നേതൃത്വത്തിൽ മൻസുഖ് മാണ്ഡവ്യ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശകളിലൊന്നാണ് ആശുപത്രി ഭരണകൂടം നടപ്പിലാക്കിയത്.
രോഗികൾക്ക് ഇനി രാവിലെ 8 മുതൽ വൈകുന്നേരം 3.30 വരെ രക്ത സാമ്പിളുകൾ പരിശോധനയ്‌ക്കായി നൽകാമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ മാത്രമാണ് ഈ സമയങ്ങളിൽ സാമ്പിളുകൾ പരിശോധിക്കുക. ശനിയാഴ്ചകളിൽ പഴയ ഒപിഡി രോഗികളുടെ സാമ്പിൾ രാവിലെ 8 മുതൽ 10.30 വരെയും പുതിയ ഒപിഡി രോഗികളുടെ സാമ്പിൾ രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് 1 വരെയും മാത്രമേ പരിശോധിക്കുവെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയ്‌ക്കായി വരുന്ന രോഗികളുടെ പ്രശ്‌നങ്ങളും പുതിയ ചികിത്സരീതികളും യോഗം ചർച്ച ചെയ്തു. രോഗികളുടെ റേഡിയോളജിക്കൽ പരിശോധനയുടെ സമയംവർദ്ധിപ്പിക്കണമെന്ന് അധികൃതരുടെ പരിഗണനയിലുണ്ട്.
എംഐആർഐ, എക്‌സ്-റേ, അൾട്രാസൗണ്ട്, സിടി സ്‌കാൻ തുടങ്ങിയ റേഡിയോളജിക്കൽ പരിശോധനകളുടെ സമയം രാവിലെ 8 മുതൽ രാത്രി 8 വരെ ആയിരിക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാർശ നിലവിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മാത്രമാണ് പരിശോധന നടക്കുന്നത്. ചികിത്സയ്‌ക്കായി വരുന്ന രോഗികൾക്ക് 500 രൂപ വരെയുള്ള മെഡിക്കൽ ടെസ്റ്റുകൾ സൗജന്യമായി നൽകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡൽഹി എയിംസ് കമ്മിറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ട്.
















Comments