ജബൽപൂർ: ഭോപ്പാൽ വിഷവാതക ദുരന്തത്തിനെ തുടർന്ന് കാൻസർ രോഗികളായവർക്ക് സൗജന്യമായി കാൻസർ ചികിത്സ നൽകാൻ സംസ്ഥാസർക്കാരിനോട് ഉത്തരവിട്ട് മദ്ധ്യപ്രദേശ് ഹൈക്കോടതി.
വാതകദുരന്തത്തിലെ ഇരകൾക്ക് ചികിത്സസഹായം ലഭ്യമാക്കാനായി ഭോപ്പാൽ ഗ്യാസ് പീഡിത് മഹിള ഉദ്യോഗ് സംഘടനയും നഗ്രിക് ഉപഭോക്ത മാർഗദർശകും നൽകിയ ഹർജിയിലാണ് കോടതി നിർദേശം.ജസ്റ്റിസുമാരായ വികെ ശുക്ലയും മുഹമ്മദ് റഫീക്കും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാതകദുരന്തബാധിതരുടെ പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി രൂപികരിച്ച സമിതി അടുത്തിടെ മദ്ധ്യപ്രദേശ് ഹൈക്കോടതി മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
1984 ഡിസംബർ രണ്ടിന് അമേരിക്കൻ കമ്പനിയായ യൂനിയൻ കാർബൈഡിന്റ് കീടനാശിനി നിർമ്മാണശാലയിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ മരിച്ചുവീണത് പതിനായിരത്തിലധികം ജീവനുകളായിരുന്നു.
മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല.ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്നാണ് ഭോപ്പാൽ ദുരന്തത്തെ വിളിക്കുന്നത്. ദുരന്തം 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കി.വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി തുടങ്ങിയവ ദുരന്തത്തിന്റെ പരിണിതഫലങ്ങളാണ്. നിരവധിപേരാണ് ദുരന്തം കാരണം അർബുദരോഗികളായത്.
Comments