ഉറക്കഗുളികകൾ ; കണ്ടുപിടിത്തം ഇങ്ങിനെ

Published by
Janam Web Desk

ഒരു ദിവസം മനുഷ്യൻ 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതിരുന്നാൽ മാനസീക സംഘർഷത്തിനും വിഷാദരോഗത്തിനും വരെ അത് കാരണമാകും. പെട്ടന്നുളള പരിഹാരമായി ഉറക്കഗുളികകളെയാണ് പലരും ഈ ഘട്ടത്തിൽ ആശ്രയിക്കുന്നത്. ഉറക്ക ഗുളികകളുടെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ഈ ആഴ്ചത്തെ വേൾഡ് ഓഫ് ഇൻവെൻഷൻസിൽ നാം പരിചയപ്പെടാൻ പോകുന്നത്.

കൃത്രിമമായ ഉറക്കം പ്രദാനം ചെയ്യുന്ന ഗുളികളാണ് ഉറക്ക ഗുളികകൾ. ഇവ ശരീരത്തിൽ ചെല്ലുമ്പോഴുണ്ടാകുന്ന പ്രവർത്തനങ്ങളുടെ ഫലമായി തളർച്ച അനുഭവപ്പെടുകയും ഉറങ്ങുകയും ചെയ്യുന്നു. ഉറക്കഗുളികളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നാണ് വിവരം്. ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ ഭിഷഗ്വരനായ സെൽസസ് ആണ് ഉറങ്ങുന്നതിനായി ഗുളിക കണ്ടുപിടിച്ചത് . നിരവധി പേർ ഉറക്കമല്ലായ്മയ്‌ക്കായി ചികിത്സ തേടിയതോടെയാണ് ഇതിനൊരു പരിഹാരം എന്ന നിലയിൽ മരുന്ന് നിർമ്മിക്കാൻ സെൽസസ് തീരുമാനിച്ചത്.

വിഷച്ചെടികളിൽ നിന്നാണ് സെൽസ് ഉറക്കമില്ലായ്മ പരിഹരിക്കാൻ മരുന്ന് നിർമ്മിച്ചത്. മാൻഡ്രേക്ക്, ഹെൻബെയ്ൻ എന്നീ വിഷച്ചെടികളായിരുന്നു അദ്ദേഹം ഇതിനായി ഉപയോഗിച്ചത്. എന്നാൽ പ്രാചീന കാലത്തെ ഇത്തരം മരുന്നുകൾ മനുഷ്യരെ ഉറക്കുന്നതിന് പകരം ബോധം കെടുത്തുകയാണ് ചെയ്തിരുന്നതെന്നാണ് പറയപ്പെടുന്നത്. ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനായി സെൽസിന്റെ ഗുളികകൾ വർഷങ്ങളോളം ഉപയോഗിച്ച് പോന്നു.

ഇന്ന് പ്രചാരത്തിലുള്ള ഉറക്കഗുളികകൾ എല്ലാം തന്നെ ശാസ്ത്രീയമായി നിർമ്മിച്ചെടുത്തവയാണ്. 1903 മുതലാണ് ശാസ്ത്രീയമായി ഇത്തരം ഗുളികകൾ നിർമ്മിച്ചു തുടങ്ങിയത്. എ.ജെ ബെയർ എന്ന ജർമ്മൻ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായിരുന്നു ഇത്തരത്തിൽ ഉറക്ക ഗുളികൾ വികസിപ്പിച്ചെടുത്തത്. വെറോനാൻ എന്നായിരുന്നു ഈ ഗുളികയുടെ പേര്.

ഇന്ന് നമ്മുടെ ലോകത്ത് ഉറമ്മില്ലാത്തവരുടെ എണ്ണം വർദ്ധിച്ചതുകൊണ്ടുതന്നെ വിപണിയിൽ നിരവധി ഉറക്കഗുളികളും ലഭ്യമാണ് . ഡോക്‌സെപിൻ,റമൽറ്റിയോൺ എന്നിവ അതിൽ ചിലതാണ്. എന്നാൽ ഇവയെല്ലാം ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉപയോഗിച്ചില്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുക. അശാസ്ത്രീയമായ രീതിയിൽ ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം.

Share
Leave a Comment