ന്യൂഡൽഹി: അടുത്ത വ്യോമസേന മേധാവി വിവേക് റാം ചൗധരിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സഹമേധാവിയെയും രണ്ട് കമാൻഡർമാരെയും സേന പ്രഖ്യാപിച്ചു.
വ്യോമസേന സഹമേധാവിയായി എയർ മാർഷൽ സന്ദീപ് സിംഗ് ചുമതലയേൽക്കും. രണ്ട് വർഷത്തെ സേവനത്തിനു ശേഷം എയർ മാർഷൽ ആർ.കെ.എസ് ബദൗരിയ വിരമിക്കുന്ന സാഹചര്യത്തിലാണ് സന്ദീപ് സിംഗ് അധികാരമേറ്റെടുക്കുന്നത്.
നിലവിലുള്ള വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധ കൃഷ്ണയെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായും, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ പുതിയ മേധാവിയായും ചുമതലപ്പെടുത്തി. കഴിഞ്ഞ ആറ് വർഷത്തിനിടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ കീഴിൽ പ്രവർത്തിക്കുന്ന ത്രി-സേവന വിഭാഗത്തിലെ ആദ്യ വ്യോമസേന ഉദ്യോഗസ്ഥനായിരിക്കും അദ്ദേഹം.
വെസ്റ്റേൺ എയർ കമാൻഡിൽ, കൃഷ്ണയ്ക്ക് പകരം എയർ മാർഷൽ അമിത് ദേവിനെ പുതിയ കമാൻഡറായി നിയമിക്കും. നിലവിൽ ഈസ്റ്റേൺ എയർ കമാൻഡ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് ദേവ്.
ഈസ്റ്റേൺ, സൗത്ത്-വെസ്റ്റേൺ, സതേൺ കമാൻഡുകളിലേക്കുള്ള നിയമനങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Comments