ഇന്ത്യൻ ചെഗുവേര വിപ്ലവം മതിയാക്കി. ഇനി മൂവർണ കൊടി പിടിക്കാനാണ് തീരുമാനം. ബീഹാറിൽ നിന്നുളള സിപിഐ നേതാവ് കനയ്യകുമാർ 28ന് കോൺഗ്രസിൽ ചേരും. അതായത് ദേശീയ ജനാധിപത്യ വിപ്ലവത്തിന് ഇന്ത്യയിൽ വലിയ സ്‌കോപ്പ് ഇല്ലെന്ന് അഭിനവ ചെഗുവേര തിരിച്ചറിഞ്ഞു. ക്യൂബയിൽ വിപ്ലവത്തിലൂടെ അധികാരം പിടിച്ച ഫിഡൽ കാസ്‌ട്രോ, ഏണസ്റ്റോ ചെഗുവേരയെ വ്യവസായ മന്ത്രിയാക്കി. ഭരിക്കാൻ താൽപര്യമില്ലാതെ മന്ത്രിമന്ദിരം ഉപേക്ഷിച്ച ചെഗുവേര, വിപ്ലവം നടത്താൻ ബൊളീവിയൻ കാടുകളിലേക്ക് പോയി. അവിടെ വെച്ച് അമേരിക്കൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചുവെന്ന് ചരിത്രം പറയുന്നു. എന്നാൽ ചെഗുവേരയുടെ ഇന്ത്യൻ പതിപ്പായ കനയ്യ വിപ്ലവം പാതി വഴിയിൽ ഉപേക്ഷിച്ചാണ് കോൺഗ്രസിൽ ചേരുന്നത്.
മോദി ഇനി ഉറങ്ങില്ല, രാജ്യത്ത് ഒരു ചെഗുവേര ജനിച്ചിരിക്കുന്നു. മോദി, യുവർ സ്ലീപ് ലെസ് നൈറ്റ്‌സ് ആർ കമ്മിങ്. കേരളത്തിലെ കുട്ടി സഖാക്കൾ വർഷങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു. അന്ന് കനയ്യ ജെഎൻയുവിന്റെ ചെയർമാനായിരുന്ന കാലം. അക്കാലത്താണ് രാജ്യതലസ്ഥാനത്തുളള ജെഎൻയു സർവകലാശാലയിൽ ഒരു കൂട്ടം രാജ്യദ്രോഹികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. കാശ്മീർ മാംഗേ ആസാദി, കേരൾ മാംഗേ ആസാദി. ഭാരത് തേരേ തുക്ടേ ഹോഗേ ഇൻഷാ അളളാ എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങൾ. അതായത് ഇന്ത്യയെ തകർക്കുമെന്നും കാശ്മീരിനെയും കേരളത്തെയും മോചിപ്പിക്കുമെന്നുമായിരുന്നു വിഘടനവാദികൾ ഏറ്റുവിളിച്ചത്. ഇതിനെല്ലാം നേതൃത്വം നൽകിയത് കനയ്യകുമാറായിരുന്നു.
ഇതൊക്കെ കണ്ട് ആവേശം കയറിയ സഖാക്കൾ കനയ്യയെ ചെഗുവേരയായും വിപ്ലവനക്ഷത്രമായും വാഴ്‌ത്തി. മനുവാദ് സേ ആസാദി, ജാതിവാദ് സേ ആസാദി എന്നിങ്ങനെ കനയ്യ വിളിച്ച ഹിന്ദി മുദ്രാവാക്യങ്ങൾ അർഥമറിയാതെ സഖാക്കളും ഏറ്റുവിളിച്ചു. ആ കനയ്യയാണ് സഖാക്കളെ നൈസായി തേച്ചിട്ട് ഇപ്പോൾ കോൺഗ്രസ് നേതാവാകാൻ പോകുന്നത്. സിപിഐയെകുറിച്ച് പണ്ട് മുൻമുഖ്യമന്ത്രി കെ കരുണാകരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. നാല് ഫിയറ്റ് കാറും അതിൽ കയറാൻ ഏഴ് ആളുകളുമുളള പാർട്ടി. ഒരു കാലത്ത് ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടായിരുന്ന സിപിഐ ഇപ്പോൾ അന്ത്യശ്വാസം വലിക്കുകയാണ്. ഇങ്ങനെയോരു പാർട്ടിയിൽ നിന്നിട്ട് വലിയ കാര്യമില്ലെന്ന് ബീഹാറി വിപ്ലവകാരി മനസിലാക്കുന്നു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് ഗിരിരാജ് സിങിനോട് മത്സരിച്ച കനയ്യ നാലര ലക്ഷം വോട്ടിനാണ് തോറ്റത്. അതോടെ ജെഎൻയുവിന്റെ ചെഗുവേരയ്‌ക്ക് സ്വന്തം മണ്ണിൽ എത്രമാത്രം ജനപിന്തുണയുണ്ടെന്ന് രാജ്യം മനസ്സിലാക്കി. ഗുണ്ടായിസത്തിലും മോശക്കാരനല്ലെന്ന് കനയ്യ തെളിയിച്ചിട്ടുണ്ട്. സിപിഐ ബീഹാർ സംസ്ഥാന ഓഫീസ് സെക്രട്ടറിയെ കനയ്യയുടെ അനുകൂലികൾ തല്ലിചതച്ചിരുന്നു. അതിന് കനയ്യയെ പാർട്ടി ദേശീയ നേതൃത്വം ശാസിച്ചു. പുതിയ കൂടാരത്തിലേക്കേ് ചേക്കേറാനുളള വിപ്ലവ സിംഹത്തിന്റെ തീരുമാനത്തിന് ഇതും കാരണമായതായി പറയുന്നു.
രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് ഉപ്പ് വച്ച കലം പോലെയായിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേട് കോണ്ട് ജ്യോതിരാദിത്യ സിന്ധ്യയെ പോലുളള ജനകീയരായ യുവ നേതാക്കൾ പാർട്ടി വിട്ടു. ഈ ഒഴിവിലേക്കാണ് രാഹുൽ, കനയ്യയെ കൈപ്പിടിച്ച് കയറ്റുന്നത്. ജന്മനാ വിപ്ലവകാരിയായ കനയ്യജി കോൺഗ്രസിൽ എന്തൊക്കെ വിപ്ലവങ്ങൾ ഉണ്ടാക്കുമെന്ന കാത്തിരുന്ന് കാണാം. അടിയന്തരാവസ്ഥയുടെ കാലത്ത് കോൺഗ്രസുമായി കൂട്ടുകൂടി കേരളത്തിൽ അധികാരം ആസ്വദിച്ച പാരമ്പര്യം സിപിഐക്കുണ്ട്. ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടിയെ അനുകൂലിച്ചതിന്റെ മാനക്കേട് ഇന്നും പേറുന്ന കക്ഷിയാണ് സിപിഐ.
അടിയന്തരാവസ്ഥയെ പിന്തുണച്ച സിപിഐക്കെതിരെ കേരളത്തിലെ തെരുവീഥികളിൽ സിപിഎം മുഴക്കിയ മുദ്രാവാക്യം ഇതായിരുന്നു. അടിയന്തരത്തിൻ നാളുകളിൽ ചെങ്കൊടി പണയം വച്ചവരെ, വെയ്‌ക്കട വലതാ ചെങ്കൊടി താഴെ, പൊക്കടാ വലതാ മൂവർണക്കൊടി. കുലംകുത്തിയായ കനയ്യകുമാറിനും ഇത് ബാധകമാണോയെന്ന് സഖാക്കൾ വിലയിരുത്തട്ടെ.















Comments