നൃൂഡൽഹി: ഹിന്ദു ക്ഷേത്രം സംരക്ഷിക്കണമെന്ന ആവശ്യവുമായി മുസ്ലീം സമുദായക്കാർ കോടതിയിൽ. ഡൽഹിയിലെ ജാമിയ നഗറിലെ മുസ്ലീങ്ങളാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രദേശത്തെ പുരാതനമായ ഹിന്ദു ക്ഷേത്രം സംരക്ഷിക്കണമെന്നും പ്രദേശത്തെ സംഘർഷങ്ങൾ തടയാനുളള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസ് പരിഗണിച്ച കോടതി സ്ഥലത്ത് അനധികൃത കൈയ്യേറ്റം ഇല്ലെന്ന് ഉറപ്പുവരുത്താൻ പോലീസിനോട് ഉത്തരവിട്ടു. ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
അനധികൃത മാർഗ്ഗങ്ങളിലൂടെ ക്ഷേത്രം പൊളിക്കാനും പ്രദേശത്ത് വർഗീയ സംഘർഷമുണ്ടാക്കാനും ഭൂമാഫിയ ശ്രമിക്കുന്നുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രദേശവാസികൾ ആരോപിച്ചു.
1970ലാണ് ജാമിയ നഗറിൽ ക്ഷേത്രം നിർമ്മിച്ചത്.പ്രധാന പ്രതിഷ്ഠ അടക്കം പത്തോളം ദേവതകളുടെ ആരാധന മുടക്കമില്ലാതെ നടന്നിരുന്നു. എന്നാൽ അടുത്തിടെ അജ്ഞാത സംഘം പ്രതിഷ്ഠ നശിപ്പിച്ചതായും ഹർജിയിൽ വ്യക്തമാക്കുന്നു.
ഇത് പ്രദേശത്തെ ഹിന്ദു- മുസ്ലിം സമുദായങ്ങൾ തമ്മിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ചിലർ മനപൂർവം ചെയ്യുന്നതാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
നൂർ നഗറിനോട് ചേർന്നുള്ള ജോഹ്രി ഫാമിലെ ക്ഷേത്ര ഭൂമി കൈയ്യേറി ഫ്‌ളാറ്റ് നിർമ്മിക്കാനാണ് ഭൂമാഫിയ ശ്രമിക്കുന്നത്. പ്രദേശ വാസികളെ ദുരിതത്തിലേക്ക് തളളിവിട്ട് പണം സമ്പാദിക്കാനാണ് ഭൂമാഫിയ ലക്ഷ്യമിടുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
















Comments