ഡൽഹി: നയതന്ത്ര ചർച്ചയിലും യുഎന്നിലെ പ്രസംഗത്തിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല പ്രധാനമന്ത്രിയുടെ ഇത്തവണത്തെ അമേരിക്കൻ സന്ദർശനം. അമേരിക്ക കൈമാറിയ കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കളുമായാണ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള 157 പുരാവസ്തുക്കളാണ് യുഎസ് പ്രധാനമന്ത്രിക്ക് കൈമാറിയത്.
ഇന്ത്യയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള പുരാവസ്തുക്കൾ തിരികെ എത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് അമൂല്യവസ്തുക്കൾ രാജ്യത്തിന് തിരികെ ലഭിച്ചിരിക്കുന്നത്. തമിഴ്നാട്, മധ്യപ്രദേശ്, ജമ്മു കശ്മീർ, ആന്ധ്ര പ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളാണ് കൂടുതലായി വിദേശ രാജ്യങ്ങളിലേക്ക് പല കാലഘട്ടങ്ങളിലായി കടത്തിക്കൊണ്ട് പോയത്.
അമേരിക്ക, ഓസ്‌ട്രേലിയ,സിംഗപ്പൂർ,ജർമ്മനി,കാനഡ,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്‌ക്ക് കടത്തിയ പുരാവസ്തുക്കൾ തിരികെ കൊണ്ടുവരുന്നതിന്റെ പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. 2014 നും 2021 നും ഇടയിൽ ഇരുന്നൂറിലധികം പുരാവസ്തുക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിൽ നിന്നായി ഇന്ത്യയിലേയ്‌ക്ക് മടക്കികൊണ്ടുവന്നത്. മുൻപ് വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുമായി ബന്ധപ്പെട്ട ശിൽപങ്ങളും ചിത്രങ്ങളും പുരാവസ്തുക്കളും തിരികെ എത്തിച്ചിരുന്നു. 2.2 മില്യൺ ഡോളർ വിലമതിക്കുന്ന കലാസൃഷ്ടികൾ മടക്കി നൽകുമെന്ന് ഓസ്‌ട്രേലിയ കേന്ദ്ര സർക്കാറിന് ഉറപ്പ് നൽകി.
അമേരിക്ക കൈമാറിയ 157 പുരാവസ്തുക്കളിൽ കൂടുതലും 11-ാം നൂറ്റാണ്ട് മുതൽ 14-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ നിർമ്മിതികളാണ്. ഏകദേശം 45 പുരാതനവസ്തുക്കൾ ബിസിഇ കാലഘട്ടത്തുള്ളതാണ്.വിവിധ ലോഹ സങ്കരങ്ങൾ,കല്ലുകൾ,കളിമണ്ണ് എന്നിവകൊണ്ടുള്ള പ്രതിമകളും കൈമാറ്റം ചെയ്തവയിൽ ഉൾപ്പെടുന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട 60 ചെറുപ്രതിമകളും ബുദ്ധമതവും ജൈനമതവുമായി ബന്ധപ്പെട്ട 25 രൂപങ്ങളും തിരികെ ലഭിച്ചു. ലക്ഷ്മി നാരായണ വിഗ്രഹം, വ്യത്യസ്ത ബുദ്ധ പ്രതിമകൾ,വിഷ്ണു വിഗ്രഹങ്ങൾ, ശിവപാർവ്വതി വിഗ്രഹങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
പത്താം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തീർത്ത രേവാന്തയുടെ 8.5 സെന്റിമീറ്റർ പ്രതിമായാണ് പ്രധാനം. പത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച നടരാജ വെങ്കല പ്രതിമ, സമഭംഗയിലെ ദമ്പതികൾ, ചൗരി വഹിക്കുന്നയാൾ, ഡ്രം ഉപയോഗിക്കുന്ന സ്ത്രീ എന്നിവരുടെ രൂപങ്ങളും മടക്കിയെത്തിയതിൽ അമൂല്യ വസ്തുക്കളാണ്. പതിനെട്ടാം നൂറ്റാണ്ടിലെ വാളും ശിലാഫലകങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. ബ്രഹ്‌മാവ്, രഥം ഓടിക്കുന്ന സൂര്യൻ, വിഷ്ണു, വിഷ്ണുവിന്റെ ഭാര്യമാർ, ശിവൻ ദക്ഷിണാമൂർത്തി, നൃത്തം ചെയ്യുന്ന ഗണപതി, ബുദ്ധൻ, ബോധിസത്വ മജുശ്രീ, താര, ജൈന തീർഥങ്കര, പദ്മാസന തീർഥങ്കര, ജൈന ചൗബിസി എന്നിവയാണ് തിരികെ എത്തിച്ച പുരാവസ്തുക്കൾ.
അമൂല്യ വസ്തുക്കളുടെ മോഷണം,അനധികൃത കച്ചവടം, സാംസ്‌കാരിക വസ്തുക്കളുടെ കടത്ത് എന്നിവയ്‌ക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് പുരാവസ്തുക്കൾ തിരികെ ഏൽപ്പിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അമേരിക്കൻ നടപടിയെ നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു.















Comments