നൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്‌ച്ചയിൽ ചർച്ചയായത് കാർഷിക നിയമങ്ങളെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തെ കുറിച്ചാണ് കൂടിക്കാഴ്‌ച്ചയിൽ സംസാരിച്ചതെന്ന് അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സമരം തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടതായി അമരീന്ദർ സിംഗ് അറിയിച്ചു.
പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് അമിത് ഷായുടെ വസതിയിൽ നടന്ന കൂടിക്കാഴ്‌ച്ച ഒരു മണിക്കൂറോളം നേരം നീണ്ടിരുന്നു. പ്രശ്‌ന പരിഹാരത്തിന് രൂപരേഖ തയ്യാറാക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് സൂചന.
പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) അദ്ധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ദുവുമായുള്ള മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനെ തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. രാജിയ്‌ക്ക് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിന്റെ പെരുമാറ്റത്തിൽ താൻ തികച്ചും അപമാനിതനായെന്നും വെളിപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ 18ാം തീയതിയാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രിയായി അമരീന്ദർ സിംഗ് തുടരുന്നതിൽ അതൃപ്തി അറിയിച്ച് നവജോത് സിംഗ് സിദ്ധുവിനെ പിന്തുണയ്‌ക്കുന്ന 40 എംൽഎമാർ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് നേതൃത്വം സിദ്ധുവിന്റെ അടുപ്പക്കാരൻ കൂടിയായ ചരൺജീത് സിംഗ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
Comments