ഇസ്ലമാബാദ് : പാകിസ്താനിൽ സിഖ് വംശജനായ ഡോക്ടറെ അജ്ഞാതൻ വെടിവെച്ച് കൊന്നു. യുനാനി ഡോക്ടറായ ഹക്കീം സർദാർ സത്‌നം സിംഗ് ആണ് കൊല്ലപ്പെട്ടത്. പെഷവാറിലെ ഹസൻബ്ദലിൽ വൈകീട്ടോടെയായിരുന്നു സംഭവം.
ഇവിടെ യുനാനി ചികിത്സാ കേന്ദ്രം നടത്തിവരികയാണ് സിംഗ്. വൈകീട്ട് ഇവിടെയെത്തിയ അക്രമി അകത്തു നിന്നും വിളിച്ചിറക്കി വെടിയുതിർക്കുകയായിരുന്നു. സംഭവ ശേഷം അക്രമികൾ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സിംഗ് സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ മാസം പാകിസ്താനിൽ സിഖ് യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
അടുത്തിടെയായി പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മത പരിവർത്തനം നടത്തുന്ന സംഭവങ്ങൾ പാകിസ്താനിൽ പതിവാകുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട ഡോക്ടർമാർക്കും, ആരോഗ്യപ്രവർത്തകർക്കുമെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്നുണ്ട്.
Comments